കലാപത്തിന് ഇടയാക്കിയെന്ന് കരുതപ്പെടുന്ന ഉത്തരവ് തിരുത്തി മണിപ്പൂര്‍ ഹൈക്കോടതി; മെയ്‌തേയികള്‍ക്ക് പട്ടികവര്‍ഗ പദവിയില്ല

കലാപത്തിന് ഇടയാക്കിയെന്ന് കരുതപ്പെടുന്ന ഉത്തരവ് തിരുത്തി മണിപ്പൂര്‍ ഹൈക്കോടതി; മെയ്‌തേയികള്‍ക്ക്  പട്ടികവര്‍ഗ പദവിയില്ല

ഇംഫാല്‍: മണിപ്പൂരില്‍ നിരവധിയാളുകളുടെ ജീവനെടുത്ത വിധിയെന്ന് വിലയിരുത്തപ്പെട്ട മെയ്തേയ് വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കാന്‍ നിര്‍ദേശിക്കുന്ന 2003 ലെ ഉത്തരവിന്റെ നിര്‍ണായക ഭാഗം മണിപ്പൂര്‍ ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് ഗോല്‍മെയ് ഗൈഫുല്‍ ഷില്ലുവിന്റെ സിംഗിള്‍ ബെഞ്ചാണ് വിവാദമായ ഭാഗം നീക്കിയത്.

മെയ്തേയ് വിഭാഗത്തെ എസ്.ടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കുന്ന ഖണ്ഡികയാണ് ഹൈക്കോടതി നീക്കം ചെയ്തത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ നിലപാടിന് വിരുദ്ധമായതിനാലാണ് ഈ ഭാഗം നീക്കിയതെന്ന് കോടതി വ്യക്തമാക്കി.

2023 മാര്‍ച്ചില്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ തുടര്‍ന്നാണ് മണിപ്പുരില്‍ മാസങ്ങളോളം നീണ്ട കലാപത്തിന് തിരികൊളുത്തിയത്. കലാപത്തില്‍ 200 ലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

എസ്.ടി വിഭാഗത്തിന്റെ വര്‍ഗീകരണത്തില്‍ കോടതി ഇടപെടുന്നതിന് നിയമപരമായ പരിമിതികള്‍ ഉണ്ടെന്ന് 2000 നവംബറിലെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഗൈഫുല്‍ ഷില്ലു 19 പേജുള്ള വിധിന്യായത്തില്‍ വ്യക്തമാക്കി.

ഇത്തരം വിഷയങ്ങളില്‍ കോടതികള്‍ക്ക് തങ്ങളുടെ അധികാര പരിധി മറികടക്കാന്‍ കഴിയില്ലെന്നും കോടതികള്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലെന്നുമാണ് 2000 ത്തിലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ കാതലായ ഭാഗം.

2023 മാര്‍ച്ച് 27 ലെ ഹൈക്കോടതി നിര്‍ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. അതേ വര്‍ഷം മെയ് 17നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിവാദമായ വിധി സ്റ്റേ ചെയ്തത്. ഹൈക്കോടതിയുടെ നിര്‍ദേശം 'നിന്ദ്യമായതാണ്' എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവ് തീര്‍ത്തും തെറ്റാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

ഗോത്ര വിഭാഗക്കാരല്ലാത്ത മെയ്‌തേയ് വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കാനുള്ള നീക്കത്തിനെതിരെ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ മണിപ്പൂര്‍ എന്ന സംഘടന ചുരാചാന്ദ്പുര്‍ ജില്ലയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയാണ് സംസ്ഥാനത്തുടനീളം കലാപമായത്.

എതിര്‍ ചേരിയില്‍ മെയ്‌തേയ് വിഭാഗത്തെ അനുകൂലിച്ച് ഷെഡ്യൂള്‍ഡ് ട്രൈബ് ഡിമാന്‍ഡ് കമ്മിറ്റി മണിപ്പൂര്‍ എന്ന സംഘടനയും രംഗത്തിറങ്ങിയതോടെ സംസ്ഥാനത്ത് വര്‍ഗീയ കലാപം ആളിപ്പടരുകയായിരുന്നു.

ഇരുനൂറിലധികം പേര്‍ കൊല ചെയ്യപ്പെട്ടത് കൂടാതെ നിരവധി ക്രിസ്ത്യന്‍ ആരാധനാലയങ്ങളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കപ്പെടുകയും മുപ്പതിനായിരത്തിലധികം ആളുകള്‍ പലായനം ചെയ്യപ്പെടുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.