കര്‍ഷക സമരം: തുടര്‍ നീക്കങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; കൊല്ലപ്പെട്ട യുവ കര്‍ഷകന്റെ കുടുംബത്തിന് പഞ്ചാബ് സര്‍ക്കാരിന്റെ ഒരു കോടി

കര്‍ഷക സമരം: തുടര്‍ നീക്കങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; കൊല്ലപ്പെട്ട യുവ കര്‍ഷകന്റെ കുടുംബത്തിന് പഞ്ചാബ് സര്‍ക്കാരിന്റെ ഒരു കോടി

ശംഭു (പഞ്ചാബ്): ബുധനാഴ്ചയുണ്ടായ പോലീസ് നടപടിയില്‍ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടതോടെ രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ച ഡല്‍ഹി ചലോ മാര്‍ച്ചിന്റെ തുടര്‍ നീക്കങ്ങള്‍ നേതാക്കള്‍ ഇന്ന് പ്രഖ്യാപിക്കും. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുകയാണ്.

സമരത്തിനിടെ ഖനോരി അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട യുവ കര്‍ഷകന്‍ ശുഭ്കരണ്‍ സിങിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് ഒരു കോടി രൂപ സഹായ ധനവും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രഖ്യാപിച്ചു.

അതിനിടെ പഞ്ചാബ് അതിര്‍ത്തികളില്‍ സമരം നടത്തുന്ന കര്‍ഷക നേതാക്കള്‍ക്കെതിരേയും പ്രതിഷേധക്കാര്‍ക്കെതിരേയും ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്താനുള്ള ഹരിയാന പൊലീസിന്റെ തീരുമാനം വന്‍ പ്രതിഷേധം കണക്കിലെടുത്ത് പിന്‍വലിച്ചു.

അതേസമയം കൊല്ലപ്പെട്ട ശുഭ്കരണ്‍ സിങിന്റെ (21) മൃതദേഹം പട്ട്യാലയിലെ രജീന്ദ്ര ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുവ കര്‍ഷകനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് കുടുംബത്തിന് ഒരു കോടി രൂപ സഹായധനം നല്‍കണമെന്നും സഹോദരിക്ക് പഞ്ചാബ് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും സമര രംഗത്തുള്ള സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗം നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍ ആവശ്യപ്പെട്ടിരുന്നു.

മരണത്തിന് ഉത്തരവാദികളായ ഹരിയാന പൊലീസിനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് കൊല്ലപ്പെട്ടത് പഞ്ചാബ് അതിര്‍ത്തിയിലാണോ ഹരിയാനയിലാണോ എന്നതില്‍ വ്യക്തതയില്ലാത്തതിനാലാല്‍ പഞ്ചാബ് പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.