സമര ഭൂമിയില്‍ വീണ്ടും കര്‍ഷക മരണം; ഒരു കോടി ധനസഹായം നിരസിച്ച് കൊല്ലപ്പെട്ട യുവ കര്‍ഷകന്റെ കുടുംബം

 സമര ഭൂമിയില്‍ വീണ്ടും കര്‍ഷക മരണം; ഒരു കോടി ധനസഹായം നിരസിച്ച് കൊല്ലപ്പെട്ട യുവ കര്‍ഷകന്റെ കുടുംബം

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. 63 വയസുള്ള ദര്‍ശന്‍ സിങ് എന്ന കര്‍ഷകനാണ് മരിച്ചത്. ഭട്ടിന്‍ഡയിലെ അമര്‍ഗഡ് സ്വദേശിയാണ്.

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി അദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ മരണം സ്ഥിരീകരിച്ചു. മരിച്ച കര്‍ഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷക സംഘടനയായ ബികെയു ആവശ്യപ്പെട്ടു.

അതിര്‍ത്തിയില്‍ കര്‍ഷകര്‍ മരിക്കുന്നത് തടയാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. മൃതദേഹം പട്യാലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.

അതിനിടെ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യുവ കര്‍ഷകന്‍ ശുഭ്കരണ്‍ സിങിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ധനസഹായം കുടുംബം നിരസിച്ചു. കൊല്ലപ്പെട്ട കര്‍ഷകന് വേണ്ടത് നീതിയാണ്. ആ നീതിക്ക് പകരം വയ്ക്കാന്‍ പണത്തിനോ ജോലിക്കോ സാധിക്കില്ലെന്നും ശുഭ്കരണ്‍ സിങിന്റെ കുടുംബം പറഞ്ഞു.

ഖനൗരി അതിര്‍ത്തിയിലെ കര്‍ഷക സമരത്തിനിടെ മരിച്ച ശുഭ്കരന്‍ സിങിന്റെ കുടുംബത്തിന് പഞ്ചാബ് സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായവും ഇളയ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചിരുന്നു.

പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഭട്ടിന്‍ഡ സ്വദേശിയായ ശുഭ്കരണ്‍ സിങ്ങ് കൊല്ലപ്പെടുകയും 12 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.