ന്യൂഡല്‍ഹി: ജോലിക്കായിപ്പോയ ഇന്ത്യക്കാര്‍ റഷ്യയിലെ യുദ്ധ മേഖലയില്‍ കുടുങ്ങിയെന്ന വിവരം സ്ഥിരീകരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇവരെ മോചിപ്പിക്കാന്‍ ശ്രമം നടത്തുകയാണെന്ന് മന്ത്രാലയം അറിയിച്ചു. മാത്രമല്ല ഇന്ത്യക്കാരെ വാഗ്‌നര്‍ സേനയില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നതായും വിദേശകാര്യ മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
പന്ത്രണ്ട് ഇന്ത്യക്കാരാണ് റഷ്യയില്‍ കുടുങ്ങിക്കിടക്കുന്നത്. കുറച്ച് ഇന്ത്യന്‍ പൗരന്മാര്‍ റഷ്യയില്‍ കുടുങ്ങിയിട്ടുണ്ട്. ഇവരെ മോചിപ്പിക്കാന്‍ റഷ്യന്‍ അധികാരികളുമായി ചര്‍ച്ച നടത്തും. എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും സംഘര്‍ഷത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.
തെലങ്കാനയില്‍ നിന്ന് രണ്ട് പേരും കര്‍ണാടകയില്‍ നിന്ന് മൂന്ന് പേരും ഗുജറാത്തിലും യുപിയില്‍ നിന്നും ഒരാള്‍ വീതവും കാശ്മീരില്‍ നിന്ന് രണ്ട് പേരുമാണ് റഷ്യയിലെ മരിയുപോള്‍, ഹാര്‍കീവ്, ഡോണെട്സ്‌ക് എന്നിവിടങ്ങളിലായി കുടുങ്ങിയത്. റഷ്യന്‍ സര്‍ക്കാര്‍ ചെലവ് വഹിക്കുന്ന വാഗ്‌നര്‍ ഗ്രൂപ്പിന്റെ സ്വകാര്യ സൈന്യത്തില്‍ അംഗങ്ങളാകാനാണ് ഇവര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതെന്നാണ് വിവരം.
സെക്യൂരിറ്റി ജോലി ലഭിക്കുമെന്ന് ഫൈസല്‍ ഖാന്‍ എന്ന യൂട്യൂബ് വ്‌ളോഗറുടെ വീഡിയോ കണ്ടാണ് ഇവര്‍ ഏജന്റിനെ സമീപിച്ചത്. 3.5 ലക്ഷം രൂപ വീതമാണ് ഇരകളായ ഓരോ യുവാക്കളും ഏജന്റുമാര്‍ക്ക് നല്‍കിയത്.
സൈന്യത്തില്‍ ചേര്‍ന്ന് ഉക്രെയ്‌ന് എതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് മേലെ സമ്മര്‍ദമുണ്ടെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും യുവാക്കള്‍ വീഡിയോയിലൂടെ ബന്ധുക്കളോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കളുടെ കുടുംബവും ഹൈദരാബാദ് എം പി അസറുദീന്‍ ഒവൈസിയും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്.
യുദ്ധത്തിന് പോകാനോ സൈന്യത്തില്‍ ചേരാനോ വന്നവരല്ല തങ്ങളെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നും യുവാക്കള്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഫൈസല്‍ ഖാന്‍ ജോലി തട്ടിപ്പില്‍ ഇടനിലക്കാരനാണെന്നും ഇപ്പോള്‍ ദുബായിലാണ് ഉള്ളതെന്നും മുംബൈയില്‍ ഇയാള്‍ക്ക് രണ്ട് സഹായികളുണ്ടെന്നും യുവാക്കള്‍ വ്യക്തമാക്കുന്നു. കൂടാതെ യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കിയതായും വിവരമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.