കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍ തുടങ്ങുമെന്ന വിമാനക്കമ്പനികളുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രവാസികള്‍. ഈ മാസം 28 ന് നിലവില്‍ വരുന്ന സമ്മര്‍ ഷെഡ്യൂളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തുമെന്നാണ് കമ്പനികളുടെ വാഗ്ദാനം.
റിയാദ് സര്‍വീസിന് പുറമെ ജിദ്ദയിലേക്കും സര്‍വീസ് നടത്താനാണ് ഫ്ളൈനാസ്, സ്പൈസ് ജെറ്റ് കമ്പനികളുടെ തീരുമാനം. നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ജിദ്ദയിലേക്ക് ഒരു പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്. സീസണില്‍ ആഴ്ചകള്‍ക്ക് മുമ്പേ തന്നെ ടിക്കറ്റ് തീരുന്നതാണ് സ്ഥിതി. ജിദ്ദയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങണം എന്നത് പ്രവാസികളുടെ നിരന്തര ആവശ്യമാണ്.
അബൂദാബി, ഷാര്‍ജ, ദുബായ്, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യയുടെ മറ്റ് സര്‍വീസുകള്‍. നിര്‍ത്തിവച്ചിരുന്ന ദമാം സര്‍വീസ് മാര്‍ച്ച് 21 മുതല്‍ ഇന്‍ഡിഗോ പുനരാരംഭിക്കും. കൂടാതെ ശ്രീലങ്കയിലെ കൊളംബോയിലേക്ക് ഫിറ്റ്‌സ് എയറും മലേഷ്യയിലെ ക്വലാലംപൂരിലേക്ക് എയര്‍ എഷ്യയും അധികം വൈകാതെ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് വിവരം. മലേഷ്യ സെക്ടറില്‍ സര്‍വീസ് തുടങ്ങണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
സീസണ്‍ സമയങ്ങളില്‍ ടിക്കറ്റ് കൊള്ളയില്‍ നിന്ന് രക്ഷപ്പെടാന്‍ ഗള്‍ഫില്‍ നിന്ന് കൊളംബോ വഴി നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളുടെ എണ്ണം കൂടിയിട്ടുണ്ട്. കൊളംബോയില്‍ നിന്ന് കരിപ്പൂരിലേക്കും തിരിച്ചും സര്‍വീസ് തുടങ്ങുന്നത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് അടക്കം കണക്ടിങ് വിമാനങ്ങള്‍ ലഭിക്കാന്‍ സഹായകരമാവും. കരിപ്പൂരില്‍ നിന്നുള്ള ആഭ്യന്തര സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കാനാണ് വിമാനക്കമ്പനികളുടെ തീരുമാനം.
എയര്‍ഇന്ത്യ എക്‌സ്പ്രസ് കരിപ്പൂരില്‍ നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന സര്‍വീസിന് കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. ജനുവരിയില്‍ ബംഗളൂരുവിലേക്കും പ്രതിദിന സര്‍വീസ് തുടങ്ങിയിരുന്നു. നിലവില്‍ ബംഗളൂരുവിലേക്ക് മൂന്നും ചെന്നൈയിലേക്ക് രണ്ടും പ്രതിദിന സര്‍വീസുകളുണ്ട്. ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് ഓരോന്നും.
വിമാനാപകടത്തിന് ശേഷം കോഡ് സി-യിലുള്ള പരമാവധി 180 മുതല്‍ 220 വരെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഇടത്തരം വിമാനങ്ങളാണ് കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്തുന്നത്.
വലിയ വിമാനങ്ങളുടെ സര്‍വീസ് വിലക്കിയത് പിന്‍വലിക്കാത്തതിനാല്‍ സൗദി എയര്‍ലൈന്‍സ് കരിപ്പൂരില്‍ നിന്നുള്ള സര്‍വീസിന് വലിയ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് വിവരം. പ്രവാസികള്‍ ഏറെയുള്ള ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യയ്ക്ക് പുറമെ പ്രധാനമായും സര്‍വീസ് നടത്തിയിരുന്നത് സൗദി എയര്‍ലൈന്‍സ് ആയിരുന്നു.
400 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വലിയ വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സിന്റേത്. നിലവില്‍ കരിപ്പൂരില്‍ ഗള്‍ഫ് സെക്ടറില്‍ മാത്രമാണ് അന്താരാഷ്ട്ര സര്‍വീസുള്ളത്. ചെറിയ വിമാനങ്ങളുടെ സര്‍വീസ് മാത്രമേയുള്ളൂ എങ്കിലും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കരിപ്പൂര്‍ വിമാനത്താവളം. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ 26.80 ലക്ഷം യാത്രക്കാര്‍ കരിപ്പൂര്‍ വഴി യാത്ര ചെയ്തിരുന്നു. ഇതില്‍ 20 ലക്ഷത്തോളം പേരും അന്താരാഷ്ട്ര യാത്രക്കാരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.