22 വര്‍ഷം പൊലീസിനെ വെട്ടിച്ച് ഒളിവില്‍; സിമിയുടെ പ്രധാന പ്രവര്‍ത്തകന്‍ പിടിയില്‍

22 വര്‍ഷം പൊലീസിനെ വെട്ടിച്ച് ഒളിവില്‍; സിമിയുടെ  പ്രധാന പ്രവര്‍ത്തകന്‍ പിടിയില്‍

ന്യൂഡല്‍ഹി: നിരോധിത തീവ്രവാദി സംഘടനയായ സിമിയുടെ പ്രധാന പ്രവര്‍ത്തകനെ ഡല്‍ഹി പൊലീസ് പിടികൂടി. സിമിയുടെ മാഗസിന്‍ എഡിറ്ററുടെ ചുമതലയടക്കം വഹിച്ചിരുന്ന ഹനീഫ് ഷെയ്ഖിനെയാണ് 22 വര്‍ഷത്തിന് ശേഷം മഹാരാഷ്ട്രയിലെ ബുസാവലില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

കേരളത്തില്‍ ഉള്‍പ്പെടെ സിമി യോഗങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചയാളാണ് ഹനീഫ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളിലും ഇയാള്‍ സിമി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

ഇയാള്‍ക്കെതിരേ നേരത്തെ യുഎപിഎ ചുമത്തിയിരുന്നു. 2001 ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയും കേസെടുത്തിരുന്നു. 2002 ല്‍ ഡല്‍ഹി കോടതി പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു.

1997 ലാണ് ഹനീഫ് ഷെയ്ഖ് സിമിയില്‍ അംഗമാകുന്നത്. പിന്നാലെ മുഴുവന്‍ സമയ സിമി പ്രവര്‍ത്തകനായി. നിരവധി യുവാക്കളെയാണ് ഇയാള്‍ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തത്. 2001 ല്‍ സിമി തലവനായിരുന്ന സാഹിദ് ബദര്‍ ഇയാളെ സിമി പ്രസിദ്ധീകരണമായ 'ഇസ്ലാമിക് മൂവ്മെന്റി'ന്റെ എഡിറ്ററായി നിയമിച്ചു.

മാഗസിന്റെ ഉര്‍ദു എഡിഷനായിരുന്നു ഹനീഫ് കൈകാര്യം ചെയ്തിരുന്നത്. തുടര്‍ന്ന് വിദ്വേഷമുയര്‍ത്തുന്ന നിരവധി ലേഖനങ്ങള്‍ ഹനീഫ് പ്രസിദ്ധീകരിച്ചു. ഡല്‍ഹിയിലെ സിമി ആസ്ഥാനത്ത് ഹനീഫിനായി പ്രത്യേക മുറിയും അനുവദിച്ചിരുന്നു.

2001 ല്‍ സിമി നിരോധനത്തിന് പിന്നാലെ പോലീസ് വ്യാപകമായ റെയ്ഡ് നടത്തിയെങ്കിലും ഹനീഫ് ഷെയ്ഖ് അടക്കമുള്ള ചിലര്‍ ഒളിവില്‍ പോയി. പിന്നീട് പോലീസിനെ വെട്ടിച്ച് പലയിടങ്ങളിലായാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.

സിമിയുടെ നിരോധനത്തിന് ശേഷം ചില പ്രവര്‍ത്തകര്‍ ചേര്‍ന്ന് മറ്റു ചില സംഘടനകള്‍ രൂപവല്‍കരിച്ചിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ഹനീഫ് ഈ സംഘടനകളിലും പ്രവര്‍ത്തിച്ചു. മഹാരാഷ്ട്രയിലെ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.

സിമി മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്ന 'ഹനീഫ് ഹുദായി' എന്ന പേര് മാത്രമായിരുന്നു ഇയാളെക്കുറിച്ച് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. അതിനാല്‍ തന്നെ ഇയാളെ തിരിച്ചറിയാനും പൊലീസ് ഏറെ പണിപ്പെട്ടു. കഴിഞ്ഞ നാല് വര്‍ഷമായി പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.

ഇതിനിടെയാണ് മുഹമ്മദ് ഹനീഫ് എന്ന പേരില്‍ ബുസാവലില്‍ താമസിക്കുന്നതായി വിവരം ലഭിച്ചത്. പ്രതി ബുസാവലിലെ ഉര്‍ദു മീഡിയം സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുകയാണെന്നും പൊലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഫെബ്രുവരി 22 നാണ് പ്രതിയെ തന്ത്രപൂര്‍വം പൊലീസ് പിടികൂടിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.