ഇടത് കോട്ട പൊളിക്കാൻ ഡൽഹിയിൽ നിന്ന് കോൺഗ്രസ് പെൺപുലി വരുമോ?

ഇടത് കോട്ട പൊളിക്കാൻ ഡൽഹിയിൽ നിന്ന് കോൺഗ്രസ് പെൺപുലി വരുമോ?

കണ്ണൂർ; ഇടതുപക്ഷത്തിന്റെ കോട്ടയാണ് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മണ്ഡലം. ഒരു തവണ ഒഴിച്ചാൽ എന്നും ഇടത് പക്ഷ മുന്നണിയാണ് ഇവിടെ ജയിച്ചിട്ടുള്ളത്. ഇത്തവണയും മണ്ഡലം നിലനിർത്താൻ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്. സിറ്റിംഗ് എംഎൽഎയായ ജെയിംസ് മാത്യു എൽഡിഎഫിന് വേണ്ടി മത്സരിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന നേതാവ് എംവി ഗോവിന്ദന്റെ പേരാണ് മണ്ഡലത്തിൽ ചർച്ചയാകുന്നത്.  അതേസമയം യുഡിഎഫിന് വേണ്ടി ഡൽഹി കേന്ദ്രമാക്കി കോൺഗ്രസ് വക്താവ് ഡോ ഷമാ മുഹമ്മദ് സ്ഥാനാർത്ഥിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. 

2011 ൽ സികെ പദ്മനാഭനെ മാറ്റി ജയിംസ് മാത്യുവിന് അവസരം നൽകിയപ്പോൾ പ്രാദേശിക തലത്തിൽ കടുത്ത എതിർപ്പുയർന്നിരുന്നു. സ്ഥാനാർത്ഥി ചർച്ചകൾ എന്നാൽ പാർട്ടി പ്രതീക്ഷകൾ ജെയിംസ് മാത്യു അസ്ഥാനത്താക്കിയില്ലെന്ന് മാത്രമല്ല വൻ വിജയം തന്നെ കാഴ്ച വെച്ചു. 2016 ലും ജെയിംസ് മാത്യു വിജയം ആവർത്തിച്ചു. എന്നാൽ രണ്ട് തവണ മത്സരിച്ച ജയിംസ് മാത്യു ഇത്തവണ മാറി നിൽക്കട്ടേയെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. മുതിർന്ന നേതാവ് എംവി ഗോവിന്ദൻ മാസ്റ്റർ സ്ഥാനാർത്ഥിയായേക്കും. 

എഐസിസി വക്താവ് ഡോ ഷമാ മുഹമ്മദിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുവെന്നാണ്  റിപ്പോർട്ടുകൾ. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ താണ സ്വദേശിയാണ് ഷമ. കഴിഞ്ഞ മൂന്ന് വർഷമായി എഐസിസി മാധ്യമ വക്താവാണ് ഷമ. അർണബ് ഗോസാമിയുടേത്  ഉൾപ്പെടെ എല്ലാ ദേശീയ ഇംഗ്ലീഷ്  ചാനലുകളിൽ കോൺഗ്രസ്സിന് വേണ്ടി ശക്തമായി വാദിക്കുന്ന ഡോ. ഷമ,  രാഹുൽ ഗാന്ധിയുടെ ബ്രിഗേഡിന്റെ ഭാഗം കൂടിയാണ്.  

കണ്ണൂരിലെ നേതാവായ സുധാകരൻ, ഹൈക്കമാൻഡ് വിശ്വസ്തൻ കെ സി വേണുഗോപാൽ മുതൽ കോൺഗ്രസ്സിലെ എല്ലാ നേതാക്കന്മാരോടും അടുപ്പം സൂക്ഷിക്കുന്ന ഷമ മത്സരിക്കാൻ തീരുമാനിച്ചാൽ അവർക്ക് ഇഷ്ടമുള്ള സീറ്റ് ലഭിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാവുകയില്ല എന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഇത്തവണ യുവജനങ്ങൾക്കും സ്ത്രീകൾക്കും പ്രാധാന്യം നൽകണമെന്ന ഹൈക്കമാന്റിന്റെ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഷമയുടെ പേര് മണ്ഡലത്തിൽ ഉയരുന്നത്. 

ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന ഷമ മത്സരിക്കുന്നത് മണ്ഡലത്തിൽ ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്. നേരത്തേ യുഡിഎഫിന് വേണ്ടി കേരള കോൺഗ്രസ് മാണി വിഭാഗമാണ് മണ്ഡലത്തിൽ കഴിഞ്ഞ തവണ വരെ മത്സരിച്ചിരുന്നത്. ഇക്കുറി മണ്ഡലത്തിനായി പിജെ ജോസഫ് വിഭാഗം ആവശ്യം ഉയർത്തിയിട്ടുണ്ടെങ്കിലും വിട്ട് നൽകാൻ കോൺഗ്രസ് തയ്യാറാകുമോ എന്ന്  കാത്തിരുന്ന്  കാണാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.