'മദ്യവില വര്‍ധനയില്‍ 200 കോടിയുടെ അഴിമതി': അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് ചെന്നിത്തലയുടെ കത്ത്

'മദ്യവില വര്‍ധനയില്‍ 200 കോടിയുടെ അഴിമതി': അന്വേഷണം  ആവശ്യപ്പെട്ട് വിജിലന്‍സിന് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: മദ്യവില വര്‍ധനവിന് പിന്നില്‍ 200 കോടിയുടെ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യവില കൂട്ടിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനും എതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി.

മദ്യം നിര്‍മ്മിക്കുന്നതിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായിരിക്കുന്നത്. ഈ ഏഴ് ശതമാനം വില വര്‍ധനവ് ഒരു പ്രത്യേക കമ്പനിയെ സഹായിക്കാന്‍ ആണ്. ആ കമ്പനിക്ക് 200 കോടിയിലധികം രൂപയുടെ ലാഭമുണ്ടാക്കി കൊടുക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നടപടി എന്നും ചെന്നിത്തല ആരോപിച്ചു.

പ്രതിപക്ഷ നേതാവ് വിജിലന്‍സിന് നല്‍കിയ കത്തിന്റെ പൂര്‍ണ്ണ രൂപം:

    ബിവറേജ്സ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറുടെ 12.01.2021 ലെ കെ.എസ്.ബിസി/എഫ്എം/252/2021-21 നമ്പര്‍ കത്ത് പ്രകാരം ബിവറേജസ് കോര്‍പ്പറേഷന് ഡിസ്റ്റലറികള്‍ വിതരണം ചെയ്യുന്ന മദ്യത്തിന്റെ വിലയില്‍ 7% വര്‍ദ്ധനവ് അനുവദിച്ചിരിക്കുകയാണ്. മദ്യനിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ദ്ധനവ് അടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ചാണ് മദ്യവില വര്‍ദ്ധിപ്പിച്ചതെന്നാണ് സര്‍ക്കാരും, എക്സൈസ് വകുപ്പും വിശദീകരിക്കുന്നത്.

എന്നാല്‍ സ്വകാര്യ ഡിസ്റ്റലറി ഉടമകള്‍ക്ക് അനര്‍ഹമായ സാമ്പത്തിക നേട്ടവും, ലാഭവും ഉണ്ടാക്കികൊടുക്കുന്നതിനുള്ള നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും, അനധികൃത സാമ്പത്തിക ഇടപാടുകളും ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ നിന്നു തന്നെ വ്യക്തമാണ്. Extra Neutral Alcohol (ENA) വില വര്‍ദ്ധനവിന്റെ അടിസ്ഥാനത്തിലാണ് മദ്യവില വര്‍ദ്ധിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. Extra Neutral Alcohol (ENA) ന്റെ വില 34 രൂപ ആയിരുന്ന സന്ദര്‍ഭത്തില്‍ പോലും 2012 ല്‍ 400 രൂപയില്‍ താഴെ Basic Value വരുന്ന മദ്യത്തിന് 6% വും, അതിന് മുകളില്‍ വരുന്ന മദ്യത്തില്‍ 4% വും മാത്രമേ വിലവര്‍ദ്ധിപ്പിക്കേണ്ടി വന്നിട്ടുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് രണ്ട് തവണ മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കുകയുണ്ടായി. 2016 - 17 ല്‍ ENA യുടെ വില 47/- രൂപയായിരുന്ന സന്ദര്‍ഭത്തില്‍ 7ശതമാനം, 2020-21 ല്‍ ENA യുടെ വില 58/- രൂപയായി ഉയര്‍ന്ന സന്ദര്‍ഭത്തില്‍ വീണ്ടും 7ശതമാനവുമാണ് ഈ സര്‍ക്കാര്‍ മദ്യത്തിന്റെ വിലവര്‍ദ്ധിപ്പിച്ചത്. ഈ കണക്കുകളില്‍ നിന്നുതന്നെ Extra Neutral Alcohol (ENA) ന്റെ വിലവര്‍ദ്ധനവിന്റെ ആനുപാതികമായല്ല സംസ്ഥാനസര്‍ക്കാര്‍ മദ്യവിലവര്‍ദ്ധിപ്പിച്ചതെന്ന് വ്യക്തമാണ്. വ്യക്തമായ മാനദണ്ഡങ്ങളുടേയോ, പഠനറിപ്പോര്‍ട്ടിന്റേയോ അടിസ്ഥാനത്തിലല്ല ഇപ്പോള്‍ നടത്തിയിട്ടുള്ള ഈ വിലവര്‍ദ്ധനവെന്നതും ഇതില്‍ നിന്നും വ്യക്തമാണ്. ഇത് ഡിസ്റ്റലറി ഉടമകളെ സഹായിക്കാനാണെന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും ഇടയില്ല.

20 ലക്ഷം കെയ്സ് മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന് സ്വകാര്യ ഡിസ്റ്റലറികളും, മദ്യകമ്പനികളും ഒരു മാസം സപ്ലൈചെയ്യുന്നത്. ഒരു കെയ്സ് മദ്യത്തിന് 700 അടിസ്ഥാനവിലയാക്കി കണക്കാക്കിയാല്‍ തന്നെ 140 കോടി രൂപയുടെ വരുമാനമാണ് ഡിസ്റ്റിലറി മുതലാളിമാര്‍ക്ക് എല്ലാ മാസവും ലഭിക്കുന്നത്. ഒരു വര്‍ഷത്തെ ബിസിനസ്സ് ഏകദേശം 1680 കോടി രൂപ വരും. കേരളത്തിലെ മദ്യവിതരണത്തിന്റെ ബഹുഭൂരിഭാഗവും ഏതാനും ചില വന്‍കിട കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്. വന്‍കിട മദ്യകമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡ് എന്ന് ഒറ്റ കമ്പനി മാത്രം കേരളത്തില്‍ ബെവറേജസ് കോര്‍പ്പറേഷനാവശ്യമായ മദ്യത്തിന്റെ 33% ശതമാനം സപ്ലൈചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രണ്ട് തവണ മദ്യവില വിലവര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ഏകദേശം 200 കോടിയിലധികം രൂപയുടെ അധികവരുമാണ് ഡിസ്റ്റലറി മുതലാളിമാര്‍ക്ക് അനര്‍ഹമായി ലഭിച്ചത്. ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയുടെ നേതൃത്വത്തിലുള്ള ഒരു സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിലവര്‍ദ്ധിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നെതങ്കിലും ആ വിശദീകരണം നിലവിലുള്ള കണക്കുകളുമായും, Extra Neutral Alcohol (ENA) റേറ്റുകളുമായും ഒട്ടും പൊരുത്തപ്പെടുന്നില്ല.

എക്സൈസ് വകുപ്പ് സെക്രട്ടറിയുടേയോ, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരുടേയോ യാതൊരുവിധ പരിശോധനയോ, അഭിപ്രായമോ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റേയും, എക്സൈസ് മന്ത്രി ടി. പി രാമകൃഷ്ണന്റേയും നേരിട്ടുള്ള ഒത്താശയോടെയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് വേണം അനുമാനിക്കേണ്ടത്. മദ്യത്തിന്റെ വില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള കണക്കുകളും, വസ്തുതകളേയും സംബന്ധിച്ച് വസ്തുനിഷ്ഠമായ പഠനം പ്രസ്തുത കമ്മിറ്റി നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും സംശയമുണ്ട്.

ബിവറേസ് കോര്‍പ്പറേഷന്‍ എംഡി രൂപീകരിച്ച സമിതിയുടെ കണ്ടത്തലുകളെ അടിസ്ഥാനമാക്കി പ്രസ്തുത എം.ഡി തന്നെ വില വര്‍ദ്ധനവ് അനുവദിച്ച് പ്രാബല്യത്തിലാക്കിയ നടപടി തികച്ചും വിചിത്രവും, ദൂരൂഹവുമാണ്. ഡിസ്റ്റലറി ഉടമകള്‍ സമര്‍പ്പിച്ച സ്ഥിതിവിവരക്കണക്കുകളെ മാത്രം ആസ്പദമാക്കിയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി മദ്യവില വര്‍ദ്ധിപ്പിച്ച് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടേയും എക്സൈസ് വകുപ്പ്മന്ത്രിയുടേയും അറിവോ സമ്മതമോ കൂടാതെ ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിക്ക് മാത്രമായി ഇത്തരമൊരു സുപ്രധാന തീരുമാനമെടുക്കാന്‍ സാധിക്കില്ല.

ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയുടെ നടപടിയെ മുഖ്യമന്ത്രിയും, എക്സൈസ് മന്ത്രിയും പിന്തുണച്ചതും ഇവരുടെ ഇക്കാര്യത്തില്‍ നടന്നിട്ടുള്ള ഗൂഢാലോചനയുടേയും, രഹസ്യ ഇടപാടുകളുടേയും തെളിവാണ്. കഴിഞ്ഞ മുന്ന് വര്‍ഷക്കാലം ഡിസ്റ്റിലറി ഉടമകള്‍ മദ്യത്തിന് വിലകൂട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിവന്നതായാണ് വിവരം. എന്നാല്‍ അവര്‍ പോലും പ്രതീക്ഷിക്കാത്ത വര്‍ദ്ധനവാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള Fund Raising നുള്ള ഡീലാണ് ഇതെന്ന ആക്ഷേപവും, ആരോപണവും പൊതുജനങ്ങളും ഉയര്‍ത്തുന്നുണ്ട്. സ്വകാര്യ ഡിസ്റ്റലറി ഉടമകളുമായി മുഖ്യമന്ത്രി പിണറായി വിജയനും, എക്സൈസ് വകുപ്പ്മന്ത്രി ശ്രീ. ടി.പി രാമകൃഷ്ണനും എകെജി സെന്ററിലടക്കം നടത്തിയ ഇടനില ചര്‍ച്ചകളുടേയും ഗൂഢാലോചനകളുടേയും അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ മദ്യവില വര്‍ദ്ധിപ്പിച്ചത്.

സംസ്ഥാനത്തെ മദ്യ-ഡിസ്റ്റലറി ഉടമകള്‍ക്കും, ബാര്‍ മുതലാളിമാര്‍ക്കും വേണ്ടി ഈ സര്‍ക്കാര്‍ നേരത്തെ കൈക്കൊണ്ടിരുന്ന പല വിവാദ തീരുമാനങ്ങളുടേയും, ദുരൂഹ ഇടപാടുകളുടേയും പശ്ചാത്തലത്തില്‍ ഇപ്പോള്‍ നടത്തിയ ഈ മദ്യവില വര്‍ദ്ധനയുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച് പ്രത്യേകം പരിശോധനയും, അന്വേഷണവും ആവശ്യമുണ്ട്. ഈ സാഹചര്യത്തില്‍ മദ്യത്തിന്റെ വില ക്രമവിരുദ്ധമായി വര്‍ദ്ധിച്ചതുമായി ബന്ധപ്പെട്ട്, ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി കൈക്കൊണ്ടിട്ടുള്ള അനധികൃത നടപടികളെ സംബന്ധിച്ചും അതുവഴി സ്വകാര്യ ഡിസ്റ്റലറി ഉടമകള്‍ക്ക് അനര്‍ഹമായ സാമ്പത്തിക നേട്ടവും ലാഭവും ലഭിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും  ഇതിന് ഒത്താശ ചെയ്തുകൊടുത്ത മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍, എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍, ബിവറേജസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എന്നിവരുടെ പങ്ക് / ഇടപെടലുകളെ സംബന്ധിച്ചും വിശദമായ വിജിലന്‍സ് അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുന്നതിനോടൊപ്പം തന്നെ മദ്യ വിലവര്‍ദ്ധനവിലൂടെ ഡിസ്റ്റലറി ഉടമകള്‍ക്ക് ലഭിച്ച അധികസാമ്പത്തിക നേട്ടവും, ലാഭവും സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ക്കൂട്ടുന്നതിനുള്ള നടപടി കൂടി സ്വീകരിക്കണമെന്നും താല്‍പര്യപ്പെടുന്നു'.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.