ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്കു നേരെ കടന്നാക്രമണം: ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി പെര്‍ത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ബുധനാഴ്ച്ച

ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്കു നേരെ കടന്നാക്രമണം: ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി പെര്‍ത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ബുധനാഴ്ച്ച

പെര്‍ത്ത്: ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റത്തിനെതിരേ ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍) നയിക്കുന്ന സെമിനാര്‍ ബുധനാഴ്ച്ച (ഫെബ്രുവരി 28) നടക്കും. വൈകിട്ട് ഏഴിന് ഓസ്ബോണ്‍ പാര്‍ക്കിലെ വണ്‍ നീല്‍ സ്ട്രീറ്റില്‍ വിക്ടറി ലൈഫ് സെന്റര്‍ ദി ഗ്രീവ്സ് റൂമിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഓസ്ട്രേലിയയില്‍ ആല്‍ബനീസി സര്‍ക്കാര്‍ ഫെഡറല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന മതപരമായ വിവേചന ബില്ലിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സെമിനാര്‍ ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ പുതിയ സി.ഇ.ഒ. മിഷേല്‍ പിയേഴ്‌സ് നയിക്കും.

പള്ളികള്‍ക്കും ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് പുതിയ ബില്ലിലെ ശുപാര്‍ശകള്‍. മാനുഷിക ലൈംഗികതയെക്കുറിച്ചുള്ള ബൈബിള്‍ പഠിപ്പിക്കലുകള്‍ അനുസരിച്ച് സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ക്രിസ്ത്യാനികളുടെ അവകാശങ്ങള്‍ക്കാണ് ഭീഷണി നേരിടുന്നത്. ഓസ്‌ട്രേലിയന്‍ നിയമ പരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാരും അത്യുല്‍സാഹം കാണിക്കുന്നതാണ് വിശ്വാസികളെ ആശങ്കപ്പെടുത്തുന്നത്.



പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ലൈംഗികതയെക്കുറിച്ചുള്ള പരമ്പരാഗത ക്രിസ്ത്യന്‍ പഠിപ്പിക്കലുകള്‍ മുറുകെ പിടിക്കുന്നതിനാല്‍ കുട്ടികളെ വളര്‍ത്താനുള്ള അവസരം നിഷേധിക്കപ്പെടുന്ന ദമ്പതികളെ കാണാനാകും. അവരുടെ കാഴ്ചപ്പാടുകള്‍ അപകടകരമാണെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നു.

ജെന്‍ഡര്‍ ഡിസ്‌ഫോറിയ അനുഭവിക്കുന്ന ഒരു വ്യക്തിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതു പോലും വിക്ടോറിയ സംസ്ഥാനത്ത് 10 വര്‍ഷം വരെയുള്ള തടവു ശിക്ഷയ്ക്ക് ഇടയാക്കും.

ഒരു കാലത്ത് ശാസ്ത്രം 'ദൈവം' ആയി ബഹുമാനിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ സ്‌കൂളുകളില്‍ ശാസ്ത്രത്തെ നിഷേധിക്കുന്ന ലിംഗ പ്രത്യയശാസ്ത്രം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നു. ഈ അട്ടിമറി ആശയങ്ങള്‍ നിയമനിര്‍മ്മാണത്തിലൂടെയാണ് നടപ്പിലാക്കുന്നത് എന്നതാണ് ഏറെ വേദനാജനകമെന്ന് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (പടിഞ്ഞാറന്‍ ഓസ്ട്രേലിയ) ഡയറക്ടര്‍ പീറ്റര്‍ ആബെറ്റ്സ് പറഞ്ഞു.

ജീവശാസ്ത്രപരമായ ലൈംഗികതയ്ക്കും ക്രിസ്ത്യന്‍ സ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണമായി വേണം ഈ ബില്ലിനെ കാണാനെന്ന് എ.സി.എല്‍. ചൂണ്ടിക്കാണിക്കുന്നു.

ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, നമ്മുടെ സമൂഹത്തിലെ ഈ അസ്വാസ്ഥ്യകരമായ മാറ്റങ്ങളെ വസ്തുതകളോടെയും ധൈര്യത്തോടെയും ഉറച്ച ബോധ്യത്തോടെയും സമീപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മനുഷ്യര്‍ക്കായുള്ള ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെ സമൂഹത്തില്‍ ഉയര്‍ത്തിക്കാട്ടുകയും വേണം.

ഈ നിര്‍ണായക പ്രശ്‌നത്തെക്കുറിച്ച് മിഷേല്‍ വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്‍കുകയും അനുകമ്പയോടും ബഹുമാനത്തോടും കൂടി എങ്ങനെ സത്യം സംസാരിക്കാമെന്നതിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യും.

ക്രിസ്തീയ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഈ ഭീഷണികള്‍ നേരിടുന്നതിനൊപ്പം, പാര്‍ലമെന്റില്‍ ശബ്ദം ഉയര്‍ത്താന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

വൈദികരുമായി മുഖാമുഖം

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ക്രൈസ്തവ പുരോഹിതരുമായി സംവദിക്കാനും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ പദ്ധതികളെക്കുറിച്ച് പങ്കിടാനും പുതിയ സി.ഇ.ഒ. മിഷേല്‍ പിയേഴ്‌സന്‍ പെര്‍ത്തില്‍ എത്തുന്നു.

ഫെബ്രുവരി 28ന് രാവിലെയോ ഉച്ചകഴിഞ്ഞോ മിഷേലുമായി കൂടിക്കാഴ്ച നടത്താനും സംവദിക്കാനും വൈദികര്‍ക്ക് അവസരമുണ്ട്. വുഡ്വെയ്ല്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ അന്നേ ദിവസം രാവിലെ 10 മുതല്‍ 11 വരെയും മൗണ്ട് പ്ലസന്റിലെ ഡോം ഡീപ് വാട്ടര്‍ പോയിന്റ് പവലിയനില്‍ 28ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു വരെയാണ് മിഷേലിനെ കാണാന്‍ അവസരമുള്ളത്.

മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നത് സംബന്ധിച്ച ആശയങ്ങള്‍ കേള്‍ക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഫെഡറല്‍ പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കാനിരിക്കുന്ന മതപരമായ വിവേചന ബില്‍ സംബന്ധിച്ച് ചോദ്യോത്തരങ്ങള്‍ക്ക് അവസരമുണ്ടാകും. ക്രൈസ്തവ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തങ്ങളുടെ ആശങ്കകള്‍ പങ്കുവയ്ക്കാനുള്ള മികച്ച അവസരമാണിതെന്ന് പീറ്റര്‍ ആബെറ്റ്സ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.