ന്യൂഡല്‍ഹി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മിഷന്‍ നല്‍കണമെന്ന് സുപ്രീം കോടതി. സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും കേന്ദ്രത്തിന് കഴിയില്ലെങ്കില്‍ തങ്ങള്‍ അത് നടപ്പാക്കുമെന്നും കോടതി വ്യക്തമാക്കി.
നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി കേന്ദ്രം പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോസ്റ്റ് ഗാര്‍ഡ് വനിതാ ഓഫീസറുടെ പെര്‍മനന്റ് കമ്മീഷന്‍ ഹര്‍ജിയില്‍ നടപടിയെടുക്കാന്‍ ജുഡീഷ്യറി നിര്‍ബന്ധിതരാകുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ (ഐസിജി) യോഗ്യരായ വനിതാ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ഓഫീസര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ നിര്‍ണായക നിരീക്ഷണം. കേസില്‍ മാര്‍ച്ച് ഒന്നിന് വീണ്ടും വാദം കേള്‍ക്കും.
2024 ലും സാങ്കേതികത പറഞ്ഞുള്ള വാദങ്ങള്‍ നിലനില്‍ക്കില്ല. വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മിഷന്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കേന്ദ്രത്തിന് വേണ്ടി വാദിച്ച അറ്റോണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയോട് ആവശ്യപ്പെട്ടു. കോസ്റ്റ് ഗാര്‍ഡിനോട് ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് ആര്‍. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു.
വനിതാ ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ നിഷേധിച്ചതിന് സി.ജെ.ഐ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നേരത്തെ കേന്ദ്ര സര്‍ക്കാരിനെയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനെയും രൂക്ഷമായി വിമര്‍ശിക്കുകയും സ്ത്രീകളെ നീതിപൂര്‍വം പരിഗണിക്കുന്ന നയം നാവികസേന കൊണ്ടുവരണമെന്നും വയക്തമാക്കിയിരുന്നു.
വനിതാ ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ നല്‍കുന്നതില്‍ നാവികസേനയും കരസേനയും വീഴ്ച വരുത്തുമ്പോള്‍ കോസ്റ്റ് ഗാര്‍ഡിന്റെ മാനദണ്ഡം തള്ളിക്കളയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
കോസ്റ്റ് ഗാര്‍ഡിന്റെ പുരുഷാധിപത്യ മനോഭാവത്തെക്കുറിച്ച് കോടതി സര്‍ക്കാരിനെ നേരത്തെ വിമര്‍ശിക്കുകയും ചെയ്തു. നാരീശക്തിയെക്കുറിച്ച് പറയുന്ന നിങ്ങള്‍ അത് ഇവിടെ കാണിക്കൂ എന്ന രൂക്ഷ പ്രതികരണവും കോടതി നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.