2019 ആവര്‍ത്തിക്കും: കേരളം യുഡിഎഫിനൊപ്പം തന്നെയെന്ന് അഭിപ്രായ സര്‍വെ

2019 ആവര്‍ത്തിക്കും: കേരളം യുഡിഎഫിനൊപ്പം തന്നെയെന്ന് അഭിപ്രായ സര്‍വെ

ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം പ്രവചിച്ച് അഭിപ്രായ സര്‍വേ. തിരഞ്ഞെടുപ്പ് സര്‍വേകളും പോളുകളും നടത്തുന്ന വീപ്രിസൈഡ് നടത്തിയ സര്‍വേയിലാണ് സംസ്ഥാനത്ത് യുഡിഎഫിന് മേല്‍ക്കൈ പ്രവചിച്ചിരിക്കുന്നത്.

2019 ലേതിന് സമാനമായ വിജയം ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിക്കും എന്നാണ് സര്‍വേ പറയുന്നത്. 2019 ല്‍ ആകെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളില്‍ 19 ലും യുഡിഎഫ് വിജയിച്ചിരുന്നു. ഇത്തവണ അതില്‍ നിന്ന് രണ്ട് സീറ്റ് നഷ്ടപ്പെട്ട് 17 സീറ്റില്‍ ആണ് യുഡിഎഫിന് വിജയം പ്രവചിക്കുന്നത്. കഴിഞ്ഞ തവണ ഒരു സീറ്റിലൊതുങ്ങിയ എല്‍ഡിഎഫിന് ഇത്തവണ മൂന്ന് സീറ്റില്‍ വിജയിക്കാനാകും എന്നും സര്‍വേയില്‍ പറയുന്നു. എന്നാല്‍ കേരളത്തില്‍ ഇത്തവണയും ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്ന് സര്‍വേ വ്യക്തമാക്കുന്നു.

ജനുവരി ആറ് മുതല്‍ ഫെബ്രുവരി 13 വരെ കേരളത്തിലെ 2000 പേരില്‍ നിന്നാണ് വീപ്രിസൈഡ് അഭിപ്രായം തേടിയത്. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണയും ബിജെപി നയിക്കുന്ന എന്‍ഡിഎ തന്നെ അധികാരത്തിലെത്തും എന്നാണ് സര്‍വേയിലെ പ്രവചനം. എന്‍ഡിഎക്ക് 320 സീറ്റും പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിക്ക് 185 സീറ്റും ലഭിക്കും എന്നാണ് പ്രവചനം. മറ്റുള്ളവര്‍ക്ക് 38 സീറ്റിലും ജയിക്കാനാകും.

കേരളത്തിന് പുറമെ തമിഴ്നാട്ടിലും ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകില്ല. ആന്ധ്രാപ്രദേശില്‍ എന്‍ഡിഎക്കും ഇന്ത്യാ മുന്നണിക്കും പൂജ്യം സീറ്റ് പ്രവചിക്കുന്ന സര്‍വെ ആകെയുള്ള 25 സീറ്റില്‍ ടിഡിപി 21 ഉം വൈഎസ്ആര്‍ കോണ്‍ഗ്രസ് നാലും സീറ്റുകള്‍ നേടുമെന്നും പറയുന്നു.

അതേസമയം ഗോവ, ഹരിയാന, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ എന്‍ഡിഎ തൂത്തുവാരും. കര്‍ണാടകയില്‍ 28 ല്‍ 22 ഉം, ബിഹാറില്‍ 40 ല്‍ 27 ഉം മധ്യപ്രദേശില്‍ 29 ല്‍ 27 ഉം ഉത്തര്‍പ്രദേശില്‍ 80 ല്‍ 65 ഉം ഡല്‍ഹിയിലെ ഏഴില്‍ ആറും എന്‍ഡിഎ നേടുമെന്നാണ് പ്രവചനം.

അസമില്‍ ആറും കേരളത്തിലും മഹാരാഷ്ട്രയിലും 20 ഉം തമിഴ്നാട്ടില്‍ 39 ഉം പശ്ചിമ ബംഗാളില്‍ 19 ഉം തെലങ്കാനയിലും പഞ്ചാബിലും 11 ഉം ഉത്തര്‍ പ്രദേശില്‍ 15 ഉം സീറ്റുകളാണ് ഇന്ത്യാ മുന്നണിക്ക് ലഭിക്കുക എന്ന് വീപ്രിസൈഡ് സര്‍വേ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.