വീട്ടമ്മയുടെ പ്രവര്‍ത്തനങ്ങള്‍ അമൂല്യം; ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹത: സുപ്രീം കോടതി

 വീട്ടമ്മയുടെ പ്രവര്‍ത്തനങ്ങള്‍ അമൂല്യം; ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹത: സുപ്രീം കോടതി

ന്യൂഡല്‍ഹി: കുടുംബത്തിലെ വരുമാനക്കാരനായ ഗൃഹനാഥനെപ്പോലെ തന്നെ പ്രധാനമാണ് വീട്ടമ്മയുടെയും പങ്കെന്ന് സുപ്രീം കോടതി. വീട്ടമ്മമാരുടെ സംഭാവനകള്‍ കണക്കാക്കുന്നത് ബുദ്ധിമുട്ടാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഇവരുടെ സംഭാവനകള്‍ക്ക് ഉയര്‍ന്ന മൂല്യമുണ്ടെന്നും കോടതി പറഞ്ഞു. 2006 ല്‍ വാഹനാപകടത്തെത്തുടര്‍ന്ന് മരിച്ച വീട്ടമ്മയ്ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

വരുമാനമുള്ള കുടുംബനാഥന്റെ പങ്ക് പോലെ തന്നെ പ്രധാനമാണ് വീട്ടമ്മയുടെ സംഭാവനയും. ഒരു ഗൃഹനാഥ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി എണ്ണുകയാണെങ്കില്‍ അതിന്റെ മൂല്യം കണക്കാക്കുക പോലും സാധ്യമല്ല. അത് അമൂല്യമാണെന്നും കോടതി പറഞ്ഞു.

ഇന്‍ഷുറന്‍സ് കേസുകളില്‍ നഷ്ടപരിഹാരം വിലയിരുത്തുമ്പോള്‍ ഒരു വീട്ടമ്മയുടെ വരുമാനം ഒരു ദിവസ വേതന തൊഴിലാളിക്ക് നല്‍കേണ്ട തുകയേക്കാള്‍ കുറവാണെന്ന് അനുമാനിക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു കാരണവശാലും ഒരു ദിവസ വേതനക്കാരന് അനുവദനീയമായതിനേക്കാളും കുറവായിരിക്കരുത് ഒരു വീട്ടമ്മയുടെ വരുമാനം.

മരിച്ച സ്ത്രീയുടെ കുടുംബം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലില്‍ 16,85,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വാഹനം ഇന്‍ഷുറന്‍സ് ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ക്ലെയിം അനുവദിക്കുന്നത് നിരസിച്ചു.

തുടര്‍ന്ന് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതി നഷ്ടപരിഹാരമായി 2,50,000 രൂപയാണ് വിധിച്ചത്. കുടുംബം വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതിയുടെ വിധി വസ്തുതാപരവും നിയമപരവുമായ പിഴവുകള്‍ നിറഞ്ഞതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എല്ലാ സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ മരിച്ച സ്ത്രീയുടെ പ്രതിമാസ വരുമാനം 4,000 രൂപയില്‍ കുറവായിരിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു. ആറ് ലക്ഷം രൂപയാണ് സുപ്രീം കോടതി നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.