പൂഞ്ഞാര്‍ പള്ളിയില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി; വൈദികനെ ആക്രമിച്ച സംഭവത്തില്‍ നിലപാട് കടുപ്പിച്ച് പാല രൂപത

പൂഞ്ഞാര്‍ പള്ളിയില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി; വൈദികനെ ആക്രമിച്ച സംഭവത്തില്‍ നിലപാട് കടുപ്പിച്ച് പാല രൂപത

പാല: വൈദികന് നേരെ മുസ്ലീം യുവാക്കളുടെ ആക്രമണമുണ്ടായ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി പാല രൂപത.

പൂഞ്ഞാര്‍ ഫെറോനയുടെ അഡ്മിനിസ്ട്രേറ്ററായി ഫാ. തോമസ് പനക്കക്കുഴിയെയാണ് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിയോഗിച്ചിരിക്കുന്നത്. വൈദികനെ ആക്രമിച്ച സംഭവത്തില്‍ സഭ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് പുതിയ നീക്കം.

നിലവിലെ വികാരിക്ക് പ്രയാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ പാല രൂപതയില്‍ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ കൂടിയ യോഗമാണ് അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിന് തീരുമാനിച്ചത്.

ഇതോടെ പൂഞ്ഞാര്‍ പള്ളിയില്‍ പൂര്‍ണ നിയന്ത്രണം ഇനി പാല ബിഷപ്പിന്റേതായിരിക്കും. ഇതിനിടെ ഉണ്ടായ ഒത്തുതീര്‍പ്പ് ശ്രമങ്ങളും ബിഷപ്പ് ഹൗസ് തള്ളി. പൂഞ്ഞാര്‍ പള്ളിക്ക് നേരെ നടക്കുന്ന സാമൂഹ്യവിരുദ്ധ അക്രമങ്ങളെ ശക്തമായി നേരിടാനാണ് ബിഷപ്പ് ഹൗസിന്റെ തീരുമാനം.

പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ കാറുകളിലും ബൈക്കുകളിലുമെത്തിയ സംഘം വൈദികനെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 28 പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. അക്രമി സംഘത്തില്‍ 47 പേരാണ് ഉണ്ടായിരുന്നത്. ഇവരെയെല്ലാം തിരിച്ചറിഞ്ഞുവെന്നും പലരും പ്രായപൂര്‍ത്തിയായവര്‍ അല്ലെന്നും പൊലീസ് വ്യക്തമാക്കി.

വധശ്രമത്തിന് അടക്കമാണ് കേസെടുത്തിരിക്കുന്നത്. സംഘം സഞ്ചരിച്ചിരുന്ന അഞ്ച് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുവിവരം ഇതുവരെ പോലീസ് വെളിപ്പെടുത്തിയില്ല. ആക്രമണത്തില്‍ പരിക്കേറ്റ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുച്ചാലില്‍ ചേര്‍പ്പുങ്കലിലെ മാര്‍ സ്ലീവ മെഡിസിറ്റിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ആഴ്ച ഉച്ചയ്ക്ക് പള്ളിയില്‍ ആരാധന നടന്നുകൊണ്ടിരിക്കെ കുരിശടിയിലും മൈതാനത്തും ഒരു സംഘം മുസ്ലീം യുവാക്കള്‍ വാഹന അഭ്യാസ പ്രകടനം നടത്തിയിരുന്നു. വലിയ ശബ്ദം ഉയര്‍ന്ന് ആരാധന തടസപ്പെട്ടതോടെ ഫാ. ജോസഫ് ആറ്റുചാലില്‍ ഇവരെ തടയുകയും അവരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

വൈദികനും പള്ളി അധികാരികള്‍ക്കും നേരേ സംഘം അസഭ്യവര്‍ഷം നടത്തുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തു. തുടര്‍ന്ന് പള്ളിയുടെ ഗേറ്റ് അടയ്ക്കാന്‍ ശ്രമിച്ച വൈദികനെ അമിത വേഗത്തില്‍ കാര്‍ ഓടിച്ച് ഇടിച്ചു വീഴ്ത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.