ഐഎസ്ആര്‍ഒ വിക്ഷേപണ കേന്ദ്രത്തിന്റെ പരസ്യത്തില്‍ ചൈനീസ് റോക്കറ്റ്: തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

ഐഎസ്ആര്‍ഒ വിക്ഷേപണ കേന്ദ്രത്തിന്റെ പരസ്യത്തില്‍ ചൈനീസ് റോക്കറ്റ്: തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

ചെന്നൈ: ഐഎസ്ആര്‍ഒയുടെ രണ്ടാം ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ പരസ്യത്തില്‍ ചൈനയുടെ പതാകയുള്ള റോക്കറ്റിന്റെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.

കുലശേഖരപട്ടണത്ത് പുതുതായി തുടങ്ങുന്ന ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ തറകല്ലിടല്‍ ചടങ്ങിന് മുന്നോടിയായി ഫിഷറീസ് മന്ത്രി അനിതാ രാധാകൃഷ്ണനാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് മുന്‍ മുഖ്യമന്ത്രി കരുണാനിധിയും അദേഹത്തിന്റെ മകനും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും നടത്തിയ ശ്രമങ്ങളെ പ്രകീര്‍ത്തിക്കുന്ന പരസ്യം പുറത്തു വിട്ടത്.

എന്നാല്‍ ചൈനയുടെ പതാകയുള്ള റോക്കറ്റിന്റെ പടമുള്ള പരസ്യം വെകാതെ വിവാദമായി. ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയില്‍ തങ്ങളുടെ ശ്രമങ്ങളും ഉണ്ടെന്ന് കാണിച്ച് അംഗീകാരം തട്ടിയെടുക്കുവാന്‍ ഡിഎംകെ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കുറ്റപ്പെടുത്തി.

'ഒരു പണിയും എടുക്കാതെ വെറുതെ ക്രെഡിറ്റ് എടുക്കാന്‍ നടക്കുന്ന പാര്‍ട്ടിയാണ് ഡിഎംകെ. ഞങ്ങളുടെ പദ്ധതികള്‍ അവരുടെ പേരിലേക്കാക്കുന്നതാണെന്ന് ആര്‍ക്കാണ് അറിയാത്തത്? എന്നാല്‍, ഇപ്പോള്‍ അവര്‍ പരിധി കടന്നു. തമിഴ്നാട്ടിലെ ഐഎസ്ആര്‍ഒ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ ക്രെഡിറ്റ് എടുക്കാനായി അവര്‍ ഇന്ന് ചൈനയുടെ പോസ്റ്റര്‍ ഒട്ടിച്ചിരിക്കുകയാണ്'- തിരുനെല്‍വേലിയില്‍ നടന്ന പൊതുജന റാലിയില്‍ പ്രധാനമന്ത്രി ആരോപിച്ചു.

പ്രദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈയും രംഗത്തെത്തി. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഡിഎംകെ അനാദരിക്കുകയാണെന്ന് അദേഹം ആരോപിച്ചു. 'ചൈനയോടുള്ള ഡിഎംകെയുടെ പ്രതിബന്ധത പ്രകടമാകുന്നതാണ് ഈ പരസ്യമെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.

ഐഎസ്ആര്‍ഒ പുതിയതായി രൂപകല്‍പന ചെയ്ത എസ്എസ്എല്‍വി വിക്ഷേപണങ്ങള്‍ക്ക് വേണ്ടിയാണ് കുലശേഖരപട്ടണത്തെ ബഹിരാകാശ കേന്ദ്രം നിര്‍മിക്കുന്നത്. ചെലവ് കുറഞ്ഞ വിക്ഷേപണങ്ങളുടെ ഭാവി സാധ്യത തിരിച്ചറിഞ്ഞാണിത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.