സിബിഐയ്‌ക്കെതിരെ കോടതിയെ സമീപിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി; ജോസ് കെ മാണിയും അബ്ദുള്ളക്കുട്ടിയും അടക്കം ആരും രക്ഷപെടില്ലെന്ന് പരാതിക്കാരി

 സിബിഐയ്‌ക്കെതിരെ കോടതിയെ സമീപിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി; ജോസ് കെ മാണിയും അബ്ദുള്ളക്കുട്ടിയും അടക്കം ആരും രക്ഷപെടില്ലെന്ന് പരാതിക്കാരി

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസ് ഇനി സിബിഐ അന്വേഷിക്കട്ടെയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ കേസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതാണ്. ചെയ്യാത്ത കുറ്റത്തിന് എന്ത് അന്വേഷണമുണ്ടായാലും അതിനെ അഭിമുഖീകരിക്കും. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റുള്ളവരുമായി കൂടി ആലോചിച്ച ശേഷം എന്താണ് നടപടി എന്ന കാര്യം തീരുമാനിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അധികാരത്തിലേറി അഞ്ചുവര്‍ഷമായിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാത്ത ഇടതുപക്ഷ സര്‍ക്കാരാണ് ഇപ്പോള്‍ പുതിയ നീക്കവുമായി വരുന്നത്. സോളാര്‍ കേസിനെതിരെ വലിയ സമരം ചെയ്ത ഇടതുപക്ഷത്തിന് ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട സ്ത്രീപീഡന കേസില്‍ ഉമ്മന്‍ ചാണ്ടിയെ കൂടാതെ കെ.സി. വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള അന്വേഷണമാണ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് അയയ്ക്കും.

എന്നാല്‍ പരാതിയില്‍ രാഷ്ട്രീയമില്ലെന്നും ജോസ് കെ മാണിയും അബ്ദുള്ളക്കുട്ടിയും അടക്കമുള്ള ആരും രക്ഷപെടില്ലെന്നും പരാതിക്കാരി പറഞ്ഞു. തന്നോട് മോശമായി പെരുമാറിയ എല്ലാവരും കേസില്‍ വരും. ജോസ് കെ.മാണിയടക്കം 14 പേര്‍ക്കെതിരെ പരാതിയുണ്ട്. അതില്‍ ആറു പേര്‍ക്കെതിരെയാണ് കേസെടുത്തത്. അതാണ് സിബിഐയ്ക്കു വിടുക. മറ്റു പരാതികളില്‍ എഫ്‌ഐആര്‍ വരുന്ന മുറയ്ക്കു തുടര്‍നടപടിയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.