കുവൈറ്റ്‌ ഡയറി

കുവൈറ്റ്‌ ഡയറി

8 വർഷം മുമ്പ് മാർച്ച്‌ മാസത്തിലെ ചാറ്റൽ മഴ പെയ്യുന്നൊരു സന്ധ്യയിൽ ഞങ്ങൾ ദുബായിൽ നിന്നും കുവൈറ്റിൽ എത്തിച്ചേർന്നു. ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മാറ്റം..

കുവൈറ്റിലെ സാൽമിയായിൽ ആണ് കമ്പനി ഞങ്ങൾക്ക് വീട് ഒരുക്കിയിരുന്നത്... സാൽമിയാ മറിനയുടെ അഭിമുഖമായി കടലിന്റെ തുടുപ്പും കിതപ്പും കണ്ടു കൊണ്ട് ബാൽക്കണിയിൽ നിന്ന് അതിസുന്ദരകാഴ്ച്ച. 


തൊട്ടടുത്തുള്ള മറിന മാളിനുള്ളിലെ കുറെയേറെ ഷോപ്പുകൾ, സിനിമ തിയേറ്റർ, റെസ്റ്റോറന്റ് എല്ലാം അടങ്ങിയ ഈ മാൾ രണ്ട് കെട്ടിടങ്ങളിലായി റോഡിന്റെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു ഇരു കെട്ടിടങ്ങളെയും ഒരു മേൽ പാലം വഴി ബന്ധിച്ചിരിക്കുന്നു. ഒരു ഭാഗം കടൽ തീരത്തോട് ചേർന്നു നിൽക്കുന്ന രീതിയിൽ പണി തീർത്തിരിക്കുന്നു.. അവിടെ നടപ്പാതയും പ്ലേ ഏരിയയും എല്ലാം ക്രമീകരിച്ചിരിക്കുന്നു. സാൽമിയ മറിന വൈകുന്നേരങ്ങളിൽ ഒരു പാടുപേർ ഒത്തു ചേർന്ന് ആഘോഷിക്കുന്ന ഒരിടമാണ്.

മറിന മാളിന്റെ ചുറ്റും ചെറിയ ഷോപ്പുകളും പഴയ സൂക് ( മാർക്കറ്റ് )എന്നിവ സ്ഥിതി ചെയ്യുന്നു. ഇതിനു തൊട്ട് അടുത്ത ബിൽഡിംഗ് ആണ് ഞങ്ങൾക്ക് താമസിക്കാൻ കമ്പനി നൽകിയത്.

കുവൈറ്റിനെക്കുറിച്ച് എനിക്ക് അറിയാവുന്നവയും ഞാൻ ശേഖരിച്ച വിവരങ്ങളും പങ്കു വെക്കുന്നു.


 ആദ്യകാല ചരിത്രം

ഇന്നത്തെ സൗദി അറേബ്യയുടെ ഭാഗമായ റിയാദ്, അൽ ഖസീം, ഹായിൽ എന്നീ പ്രദേശങ്ങൾ അടങ്ങിയ പഴയ നജ്ദിലുണ്ടായിരുന്ന അറബ് വംശമായ ബനീ ഉത്ബ ഗോത്രമായിരുന്നു 1716ൽ കുവൈറ്റ് സിറ്റിയിൽ വസിച്ചിരുന്നത്. ബനീ ഉത്ബ ഗോത്രക്കാർ ഇവിടെ വരുന്ന കാലത്ത് ഏതാനും മത്സ്യത്തൊഴിലാളികൾ മാത്രം വസിക്കുന്ന പ്രദേശമായിരുന്നു.

പ്രധാനമായും മത്സ്യ ബന്ധന ഗ്രാമമായാണ് ഇവിടം പ്രവർത്തിച്ചിരുന്നത്. പതിനെറ്റാം നൂറ്റാണ്ടിൽ കുവൈറ്റ് ഏറെ അഭിവൃദ്ധി പ്രാപിച്ചു. അതിവേഗം പ്രമുഖ വാണിജ്യ കേന്ദ്രമായി മാറി. ഇന്ത്യ, മസ്‌ക്കറ്റ്, ബാഗ്ദാദ്, അറേബ്യ എന്നീ രാജ്യങ്ങളുമായി ചരക്ക് നീക്കത്തിനുള്ള പ്രധാന കേന്ദ്രമായി കുവൈറ്റ് മാറി.


1700കളുടെ മധ്യത്തോടെ, പേർഷ്യൻ ഗൾഫിൽ നിന്ന് സിറിയയിലെ അലെപ്പോയിലേക്കുള്ള ഏറ്റവും വലിയ വാണിജ്യ റൂട്ടായി കുവൈറ്റ് മാറുകയുണ്ടായി. 1775-1779 ൽ പേർഷ്യൻ സൈന്യം ബസറ വളഞ്ഞപ്പോൾ, ഇറാഖി വ്യാപാരികൾ കുവൈറ്റിൽ അഭയം തേടി, ഇത് കുവൈറ്റിൽ ബോട്ട് നിർമ്മാണത്തിനും വ്യാപാര പ്രവർത്തനങ്ങൾ വ്യാപിക്കാനും ഇടയാക്കി. അതിന്റെ ഫലമായി, കുവൈറ്റിന്റെ സമുദ്രം വഴിയുള്ള വാണിജ്യം അഭിവൃദ്ധി പ്രാപിച്ചു.

1775നും 1779നും ഇടയിൽ ബാഗ്ദാദ്, അലെപ്പോ, പുരാതന ഗ്രീക്ക് നഗരമായ സ്മിർന, കോൺസ്റ്റാന്റിനോപ്പിൾ വഴിയുള്ള ഇന്ത്യൻ കച്ചവട യാത്രാ റൂട്ട് കുവൈറ്റിലേക്ക് തിരിച്ചുവിട്ടു. 1792ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയും കുവൈറ്റിലേക്ക് തിരിഞ്ഞു. കുവൈറ്റ്, ഇന്ത്യ, ആഫ്രിക്കയുടെ കിഴക്കൻ തീര കടൽ റൂട്ടുകൾ ഈസ്റ്റ് ഇന്ത്യ കമ്പനി സുരക്ഷിതമാക്കി.

1779ൽ പേർഷ്യക്കാർ ബസറയിൽ പിൻവലിഞ്ഞതിന് ശേഷം, കുവൈറ്റ് ബസറയിൽ നിന്നുള്ള വ്യാപാരം വീണ്ടും ആകർഷിക്കാൻ തുടങ്ങി. പേർഷ്യൻ ഗൾഫ് മേഖലയിലെ ബോട്ട് നിർമ്മാണത്തിന്റെ കേന്ദ്രമായിരുന്നു കുവൈറ്റ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊമ്പതാം നൂറ്റാണ്ടിലും കുവൈറ്റിൽ നിർമ്മിച്ച കപ്പൽ നിർമ്മാണത്തിനുള്ള ഉപകരണങ്ങൾ ഇന്ത്യ, കിഴക്കൻ ആഫ്രിക്ക, ചെങ്കടൽ എന്നിവയിലൂടെയള്ള വ്യാപാര ആവശ്യങ്ങൾക്കായി കൊണ്ടുപോയി.

കുവൈറ്റ് കപ്പൽ ഉപകരണങ്ങൾ ഇന്ത്യൻ മഹാ സമുദ്രത്തിൽ മുഴുവൻ ഏറെ പ്രസിദ്ധമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം മധ്യത്തിലുണ്ടായ പ്രാദേശിക ഭൂരാഷ്ട്രതന്ത്രം കലഹങ്ങൾ കുവൈറ്റിന്റെ സാമ്പത്തിക ഉന്നമനം വർദ്ധിപ്പിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഉണ്ടായ ബസറയിലെ അസ്ഥിരത കുവൈറ്റിനെ അഭിവൃദ്ധിപ്പെടുത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഓട്ടോമൻ സർക്കാരിന്റെ പീഡനത്തിൽ നിന്ന് രക്ഷപ്പെട്ട ബസറയിലെ വ്യാപാരികൾ ഭാഗീകമായെങ്കിലും കുവൈറ്റിൽ തന്നെ പ്രവർത്തിച്ചു. പേർഷ്യൻ ഗൾഫിലെ മികച്ച നാവികരെന്ന ഒരു മതിപ്പ് കുവൈറ്റ് നേടിയെടുത്തിരുന്നു.

കുവൈറ്റിന്റെ ഏഴാമത്തെ ഭരണാധികാരിയായിരുന്ന മുബാറക് അൽ സബാഹിന്റെ കാലഘട്ടത്തിൽ കുവൈറ്റിനെ 'ഗൾഫിലെ മാർസില്ലെസ്'( "Marseilles of the Gulf") എന്ന പേരിൽ വിളിക്കാൻ തുടങ്ങിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത വിവിധ തരം ആളുകളെ രാജ്യത്തേക്ക് ആകർഷിക്കാൻ തുടങ്ങിയതായിരുന്നു ഇതിന് കാരണം.

കടൽ തീരത്തെ കോട്ട എന്നർഥം വരുന്ന അൽ കൂത്ത് എന്ന അറബി വാക്കിൽ നിന്നാണ് കുവൈറ്റ് എന്ന പേരു ലഭിച്ചത്.

ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ഉള്ള ഒരു ഭരണഘടനാപരമായ രാജഭരണമാണ് കുവൈറ്റിലേത്. പേർഷ്യൻ ഗൾഫ് അറബ് രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള ജനാധിപത്യരാഷ്ട്രം കുവൈറ്റ് ആണെന്നു പറയാം. കുവൈറ്റ് രാജ്യത്തിന്റെ തലവൻ അമീർ (അമീർ) ആണ്. പരമ്പരാഗതമായ സ്ഥാനപ്പേരാണ് അമീർ. ഷെയ്ഖ് എന്നും അറിയപ്പെടുന്ന അമീർ പ്രധാനമന്ത്രിയെ നിയമിക്കുന്നു. അടുത്തകാലം വരെ കിരീടാവകാശിയായ രാജകുമാരനായിരുന്നു പ്രധാനമന്ത്രി. സർക്കാർ നടത്തിപ്പിൽ മന്ത്രിമാരുടെ ഒരു സഭ പ്രധാനമന്ത്രിയെ സഹായിക്കുന്നു.


ലോകത്തിൽ ക്രൂഡ് ഓയിൽ കരുതൽ ശേഖരത്തിന്റെ 10 ശതമാനത്തോളം കുവൈറ്റിന്റെ കയ്യിലാണ്. കുവൈറ്റിന്റെ സമ്പദ് വ്യവസ്ഥ പ്രധാനമായും എണ്ണയെ അടിസ്ഥാനമാക്കിയുള്ളതാണ്. കുവൈറ്റ് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 60 ശതമാനത്തോളം എണ്ണയിലൂടെയാണ് ലഭ്യമാവുന്നത്.

കാലാവസ്ഥ

ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ഗൾഫ് രാജ്യമാണ് കുവൈറ്റ്‌. മെയ്‌ മാസം മുതൽ ഒക്ടോബർ വരെയും ചൂടാണ് ഡിസംബർ ജനുവരി മാസങ്ങളിൽ വളരെ തണുപ്പും അനുഭവപ്പെടുന്നു.

 ജീവിത രീതി

പ്രവാസികൾക്ക് നാട്ടിലേതുപോലെ ജീവിക്കാൻ ഒരു പരിധി വരെ സ്വാതന്ത്ര്യം ഉണ്ട്. ഒത്തുചേരലുകൾ ആണ് പ്രധാന വിനോദോപാധി..

 ചിലപ്പോൾ അതിനായി നഗരപ്രദേശത്തു നിന്നും മാറി കബദ്, വഫ്ര എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ ഷാലെ എന്നറിയപ്പെടുന്ന ചെറിയ ബംഗ്ലാവ് വീടുകൾ വാടകയ്ക്ക് എടുത്തു അവിടെ പാട്ടും കളികളുമായി എല്ലാവരും ചേർന്ന് ആഘോഷിക്കുന്നു.

 കുവൈറ്റിലെ അബ്ദലി, എന്ന സ്ഥലത്ത് നിരവധി ഫാം ഹൗസ് ഉണ്ട്. ഒക്ടോബർ മുതൽ മാർച്ച്‌ വരെ ഈ ഫാം ഹൗസ് സന്ദർശിക്കാൻ ധാരാളം പേർ എത്തുന്നു..

 കുവൈറ്റിലെ പ്രധാനപ്പെട്ട കുറച്ചു സ്ഥലങ്ങളെ പരിചയപ്പെടാം

സാൽമിയ

ധാരാളം ഇന്ത്യക്കാർ അധിവസിക്കുന്ന, കുവൈറ്റിലെ ഒരു നഗരപ്രദേശമാണ് സാൽമിയ.. ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഡോൺബോസ്കോ സ്കൂൾ എന്നിവ സാൽമിയയിലാണ്.. പ്രശ്‌സ്തമായ മറിന മാൾ, അൽസലാം മാൾ ഇവ സാൽമിയയിലാണ്.. കടലിനോട് ചേർന്നുള്ള സാൽമിയയുടെ ഭാഗം റാ സാൽമിയ എന്ന് അറിയപ്പെടുന്നു.

അബ്ബാസിയ

മലയാളികൾ ഏറെ തിങ്ങി പ്പാർക്കുന്ന ഇടം .. നിരവധി ഇന്ത്യൻ സ്കൂൾ ഇവിടെ ഉണ്ട്

മംഗഫ്

മലയാളികളുടെ പ്രിയപ്പെട്ട മറ്റൊരിടം കടലിനോട് ചേർന്നു നിൽക്കുന്നു. ഇവിടെ അടുത്തുള്ള അഹ്‌മദിയിലാണ് കുവൈറ്റ്‌ ഓയിൽ കമ്പനി. കുവൈറ്റ്‌ നാഷണൽ പെട്രോളിയം എന്നീ ഓയിൽ കമ്പനികൾ.

സൽവ

കൂടുതൽ കുവൈറ്റികളും അറബ് വംശജരും ഇവിടെ വസിക്കുന്നു. കടലിനോട് ചേർന്ന് നിരവധി റിസോർട്ടുകൾ ഇവിടെയുണ്ട്.

കുവൈറ്റ്‌ സിറ്റി

പേർഷ്യൻ ഉൾക്കടലിന്റെ തീരത്തുള്ള ജനാധിപത്യ രാജഭരണ രാജ്യമായ കുവൈറ്റിന്റെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് കുവൈറ്റ് സിറ്റി. കുവൈറ്റിന്റെ രാഷ്ട്രീയവും സാസ്‌കാരികവും സാമ്പത്തികവുമായ കേന്ദ്രം കൂടിയാണ് കുവൈറ്റ് സിറ്റി. ആഗോള സാമ്പത്തിക വ്യവസ്ഥയുടെ ഒരു പ്രധാന ഘടകമായി പൊതുവിൽ കരുതപ്പെടുന്ന നഗരമാണ് (ഗ്ലോബൽ സിറ്റി, വേൾഡ് സിറ്റി, അൽഫ സിറ്റി, വേൾഡ് സെന്റർ) കുവൈറ്റ് സിറ്റി. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട്, ഷുവൈക് പോർട്ട് ( മിന അൽ ഷുവൈക്), മിന അൽ അഹമദി (അഹമദി തുറമുഖം) എന്നിവയാണ് കുവൈറ്റ് സിറ്റിയുടെ വ്യാപാര, ഗതാഗത ആവശ്യങ്ങൾക്ക് ഉതകുന്നവ.

ഫഹഹീൽ

അഹമ്മദിയ്ക്ക് അടുത്ത് സ്ഥിതിചെയ്യുന്ന ഇത് കടൽ തീരത്താണ്. കുവൈറ്റ് നഗരത്തിലെ ഒരു പ്രധാന മത്സ്യ വിപണിയാണ് ഫഹഹീൽ ഫിഷ് മാർക്കറ്റ്. ഗൾഫ് റോഡിൽ സ്ഥിതി ചെയ്യുന്ന മാർക്കറ്റ് ഫഹഹീലിന്റെ സമീപപ്രദേശത്തുള്ള കടൽത്തീരത്താണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ഡൽഹി പബ്ലിക് സ്കൂൾ ഫഹഹീലിലാണ്.

 ഇറാഖ് -കുവൈറ്റ്‌ യുദ്ധം

1990 ഓഗസ്റ്റ് രണ്ടിന്, ഇറാഖ് കുവൈറ്റിലേക്ക് അധിനിവേശശ്രമം നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി രണ്ടു ദിവസം നീണ്ടു നിന്ന കുവൈറ്റ്-ഇറാഖ് യുദ്ധം പൊട്ടിപ്പുറപ്പെടുകയും, യുദ്ധാവസാനത്തിൽ ഇറാഖ് കുവൈറ്റിനെ കീഴടക്കുകയും ചെയ്തു. ഒരു ലക്ഷത്തോളം വരുന്ന ഇറാഖി പട്ടാളക്കാർ എഴുന്നൂറ് യുദ്ധ ടാങ്കുകളുടെ അകമ്പടിയോടെയാണ് കുവൈറ്റിലേക്കുള്ള അധിനിവേശം ആരംഭിച്ചത്. ചെറിയ സൈനികശേഷിയുള്ള കുവൈറ്റിനെ കീഴ്പ്പെടുത്താൻ ഇറാഖിന് വളരയെധികം ക്ലേശിക്കേണ്ടി വന്നില്ല. 200 പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടു എന്നു കണക്കാക്കുന്നു. കുവൈറ്റ് ഭരണാവകാശി, അയൽ രാജ്യമായ സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു.

കുവൈറ്റിൽ നിന്നും യാതൊരു ഉപാധികളും കൂടാതെ പിൻമാറാനുള്ള ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയുടെ അന്ത്യശാസനങ്ങളെല്ലാം ഇറാഖ് തള്ളിക്കളഞ്ഞു. ലോകരാജ്യങ്ങൾ ഒന്നു ചേർന്ന് ഇറാഖിനെതിരേ നടപടിയെടുക്കാൻ തീരുമാനമെടുക്കുയും, വിവിധ രാജ്യങ്ങളുടെ സൈന്യങ്ങൾ മേഖലയിൽ തമ്പടിക്കുകുയും ചെയ്തു. ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം എന്നറിയപ്പെട്ട സൈനിക നടപടിയിലൂടെ വിവിധ രാജ്യങ്ങളുടെ സഖ്യസേന കുവൈറ്റിനെ ഇറാഖിന്റെ കയ്യിൽ നിന്നും മോചിപ്പിച്ചു.


പ്രധാന സ്മാരകങ്ങൾ :-

കുവെത്ത് ടവറുകൾ

കുവൈറ്റ് നഗരത്തിലെ കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ച മൂന്ന് ഗോപുരങ്ങളെയാണ് കുവെത്ത് ടവറുകൾ എന്ന് വിളിക്കുന്നത്. 187 മീറ്റർ ഉയരമുള്ള പ്രധാന ഗോപുരത്തിൽ രണ്ട് ലോക നിലവാരമുള്ളഭക്ഷണശാലകൾ ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്തമായ ഭക്ഷണങ്ങൾ അവിടെ ലഭ്യമാണ്. 82 മീറ്റർ ഉയരത്തിലാണ് ഭക്ഷണശാല സ്ഥിതിചെയ്യുന്നത്. കൂടാതെ 120 മീറ്റർ ഉയരത്തിൽ കറങ്ങുന്ന കോഫി ഷോപ്പ് അവിടെ കാണാം. 

ടവറിനു മുകളിൽ നിന്നുള്ള ദൃശ്യങ്ങൾ ആസ്വദിക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിനോദ സഞ്ചാരികൾ എത്തുന്നു.TEC എന്ന കമ്പിനിയാണ് ടവർ നിയന്ത്രിക്കുന്നത്. ജലനിരപ്പിൽ നിന്നും 120 മീറ്റർ ഉയരത്തിലുള്ള നിരീക്ഷണത്തിനായി തയ്യാറാക്കിയ ഗോളമണ്ഡലവും ഇതിനുണ്ട്. രണ്ടാമത്തെ ഗോപുരം 145.8 മീറ്റർ ഉയരമുള്ള ഒരു ജലസംഭരണിയാണ്. മൂന്നാമത്തെ ഗോപുരം, മറ്റ് രണ്ട് വലിയ ഗോപുരങ്ങൾക്ക് ആശ്യമായ വൈദ്യുത സംവിധാനങ്ങളുടെ സജ്ജീകരണങ്ങൾക്കുള്ള സ്ഥലമായി ഉപയോഗിക്കുന്നു.

അൽ ഹാഷ്മി

 കുവൈറ്റും കേരളവും തമ്മിൽ ബന്ധം ഊട്ടി ഉറപ്പിക്കുന്ന ഒരു സ്മാരകം ഹാഷെമി- II ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ ദൗ ആണ്, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തടി കപ്പലുകളിൽ ഒന്നാണ് ഇത്. കുവൈറ്റ് സിറ്റിയിലെ കുവൈറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിന്റെ തൊട്ടടുത്താണിത്. അൽ-ഹാഷെമി -2 മറൈൻ മ്യൂസിയം എന്നറിയപ്പെടുന്ന ഒരു സമുദ്ര മ്യൂസിയം ഇതിൽ അടങ്ങിയിരക്കുന്നു..

ഇന്ത്യയും കുവൈറ്റും തമ്മിൽ പഴയ കാലം മുതൽ വാണിജ്യ വ്യാപാര ബന്ധം ഉണ്ട് ഇന്ത്യയിൽ നിന്നും ധാരാളം പേർ കുവൈറ്റിൽ ജോലി ചെയ്യുന്നുണ്ട് പ്രത്യേകിച്ചു കേരളത്തിൽ നിന്നുള്ള അനേകം പേർക്ക് കുവൈറ്റ്‌ സ്വന്തം നാട് പോലെ തന്നെയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.