വാഷിങ്ടണ്‍: വിദേശ രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ മിക്ക തീരുവകളും നിയമവിരുദ്ധമാണെന്ന അപ്പീല്‍ കോടതി വിധിക്കെതിരെ ട്രംപ് ഭരണകൂടം സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ തീരുവകളെ ന്യായീകരിച്ചാണ് ട്രംപ് ഭരണകൂടം സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. അപ്പീലില്‍ ഇന്ത്യക്കെതിരേ ചുമത്തിയ അധിക തീരുവയെക്കുറിച്ചും പരാമര്‍ശമുണ്ട്.
റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായകശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയ്ക്കുമേല്‍ തീരുവ ചുമത്തിയതെന്നാണ് അപ്പീലില്‍ പറയുന്നത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യക്കെതിരെ അടുത്തിടെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം (ഐഇഇപിഎ) ഉപയോഗിച്ച് തീരുവ ചുമത്തിയത്. ഇത് യുദ്ധത്താല്‍ തകര്‍ന്ന ഉക്രെയ്‌നില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അപ്പീലില്‍ പറയുന്നു. തീരുവകളുള്ളതിനാല്‍ അമേരിക്ക ഒരു സമ്പന്ന രാഷ്ട്രമാണ്. അല്ലെങ്കില്‍ ഇത് ഒരു ദരിദ്രരാഷ്ട്രമാകുമെന്നും അപ്പീലില്‍ പറയുന്നുണ്ട്.
ഇക്കഴിഞ്ഞ ദിവസമാണ് ട്രംപിന്റെ തീരുവകള്‍ നിയമ വിരുദ്ധമാണെന്ന് വാഷിങ്ടണിലെ ഫെഡറല്‍ സര്‍ക്കീറ്റ് അപ്പീല്‍ കോടതി കണ്ടെത്തിയത്. അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം (ഐഇഇപിഎ) ഉപയോഗിച്ച് ട്രംപ് ചുമത്തിയ തീരുവകള്‍ നിയമ വിരുദ്ധമാണെന്നായിരുന്നു കോടതി വിധി. ഏഴ് ജഡ്ജിമാര്‍ വിധിയെ അനുകൂലിച്ചപ്പോള്‍ നാല് പേര്‍ എതിര്‍ത്തു.
നിലവിലെ തീരുവകള്‍ ഒക്ടോബര്‍ 14 വരെ തുടരാന്‍ കോടതി അനുവാദം നല്‍കിയിരുന്നു. ട്രംപ് ഭരണകൂടത്തിന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് വേണ്ടിയാണ് ഈ സമയം അനുവദിച്ചത്. ഐഇഇപിഎ നിയമം തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നില്ലെന്ന് കാണിച്ച് ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന 12 സംസ്ഥാനങ്ങള്‍ നല്‍കിയ കേസും തീരുവയ്ക്കെതിരെ അഞ്ച് ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ നല്‍കിയ മറ്റൊരു കേസും പരിഗണിച്ചാണ് അപ്പീല്‍ കോടതിയുടെ വിധി.
1977 ല്‍ പാസാക്കിയ ഐഇഇപിഎ നിയമം ദേശീയ അടിയന്തരാവസ്ഥ സമയത്ത് വിദേശ രാജ്യങ്ങള്‍ക്കുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനും അവരുടെ ആസ്തികള്‍ മരവിപ്പിക്കാനുമാണ് ഉപയോഗിച്ചിരുന്നതെന്നും അതുപയോഗിച്ച് തീരുവകളും നികുതികളും ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.