സിദ്ധാര്‍ത്ഥിൻ്റെ ദുരൂഹ മരണം; മൂന്ന് പേർ കൂടി പൊലീസിൽ കീഴടങ്ങി; അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

സിദ്ധാര്‍ത്ഥിൻ്റെ ദുരൂഹ മരണം; മൂന്ന് പേർ കൂടി പൊലീസിൽ കീഴടങ്ങി; അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൽപറ്റ: വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് ജീവനൊടുക്കിയ സംഭവത്തില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കം മൂന്ന് പേർ പൊലീസിൽ കീഴടങ്ങി. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ ആണ് കീഴടങ്ങിയത്. കോളജ് യൂണിയൻ ചെയർമാൻ അരുൺ ആണ് കീഴടങ്ങിയ മറ്റൊരാൾ. ഇയാൾ മാനന്തവാടി സ്വദേശിയാണ്. കൽപറ്റയിൽ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് ഇവർ കീഴടങ്ങിയത്. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

എസ്എഫ്‌ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കൽമേട് സ്വദേശി എസ്. അഭിഷേക് (23), തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ് (20), എസ്.ഡി. ആകാശ് (22), ആർ.ഡി. ശ്രീഹരി, തൊടുപുഴ സ്വദേശി ഡോൺസ് ഡായ് (23), വയനാട് ബത്തേരി സ്വദേശി ബിൽഗേറ്റ്‌സ് ജോഷ്വ (23) എന്നിവരാണ് നേരത്തെ പിടിയിലായത്.

സമാനതകൾ ഇല്ലാത്ത ക്രൂരതയ്‌ക്കാണ് സിദ്ധാർത്ഥ് ഇരയായതെന്നാണ് റിപ്പോർട്ട്. ക്രൂരമർദ്ദനത്തിനും കൊടിയ മാനസിക പീഡനത്തിനും ഇരയായെന്നാണ് വിവരം. വീട്ടിലേക്ക് പോയ സിദ്ധാർത്ഥിനെ മടക്കിവിളിച്ച്‌ ഹോസ്‌റ്റൽ അന്തേവാസികളായ 130 വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നനാക്കി നിർത്തി പരസ്യവിചാരണ നടത്തി ബെൽറ്റുകളും ഇരുമ്പുവടികളും ഇലക്‌ട്രിക്‌ വയറുകളും ഉപയോഗിച്ചായിരുന്നു നേതാക്കളുടെ മർദ്ദനമെന്ന് ദൃക്സാക്ഷി പറഞ്ഞു.

സിദ്ധാര്‍ത്ഥിൻ്റെ ദുരൂഹ മരണത്തില്‍ പ്രധാന പ്രതിയായ അഖിലിനെ പൊലീസ് പിടികൂടിയിരുന്നു. പാലക്കാട്‌ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആക്രമണം ആസൂത്രണം ചെയ്തത് പ്രധാനപ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ പ്രതികളെ ഹോസ്റ്റലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും തെളിവെടുപ്പുമാണ് ഇപ്പോള്‍ പൊലീസിന് മുന്നിലുള്ളതെന്നും രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുകയും ചെയ്തു.

വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ആറ് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കൽപ്പറ്റ ഡിവൈഎസ്പി സജീവനാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണ, റാഗിംഗ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു ഹോസ്റ്റൽ ബാത്ത് റൂമിൽ നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സിദ്ധാർത്ഥ് ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കൾ

സിദ്ധാർത്ഥനെ മൂന്നുദിവസം പീഡിപ്പിച്ചെന്ന് അച്ഛൻ ടി. ജയപ്രകാശ് പറഞ്ഞു. പീഡിപ്പിച്ച പന്ത്രണ്ടുപേരും എസ്എഫ്‌ഐ പ്രവർത്തകരാണ്. രാഷ്ട്രീയ സംരക്ഷണത്തിലാണു പ്രതികളുള്ളത്. കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പും കിട്ടിയില്ലെന്ന് സിദ്ധാർത്ഥന്റെ അമ്മ എം.ആർ. ഷീബ പറഞ്ഞു.

''ആത്മഹത്യയിലേക്ക് മകൻ പോകില്ല. ഇനിയും അകത്തിരിക്കുന്നവരെ പുറത്തു കൊണ്ടുവരണം. ഇരുപത്തിയഞ്ചോ മുപ്പതോ നാൽപതോ പേരല്ല ഇതിൽ പങ്കാളികളായിരിക്കുന്നത്. അക്രമം നേരിടുന്നതിനെ കുറിച്ചൊന്നും പറയുന്നില്ല. ഞാൻ കിടക്കുന്നു, വേറെയൊന്നും ഇല്ല എന്ന് പറഞ്ഞ് അവൻ വേഗം തന്നെ ഫോൺ കട്ട് ചെയ്യുമായിരുന്നു. അച്ഛനോട് പാർട്ടിക്കാര്യങ്ങളൊക്കെ പറയുമായിരുന്നു.''അമ്മ ഷീബ വ്യക്തമാക്കി.

കോളജിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായി യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല. അവർക്ക് ഒന്നും അറിയില്ലെന്നാണ് ഡീൻ പറഞ്ഞത്. ഡീൻ വന്നപ്പോൾ നേരിട്ടു ചോദിച്ചിരുന്നു. രണ്ടുമൂന്ന് ദിവസം കൊണ്ട് അവിടെ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അദേഹം അറിഞ്ഞിട്ടില്ലെന്നും അമ്മ ഷീബ കൂട്ടിച്ചേർത്തു.

സിദ്ധാർത്ഥന്റെ മരണത്തിൽ അധ്യാപകരുടെ പങ്ക്

സിദ്ധാര്‍ത്ഥ് നാല് ദിവസത്തോളം ക്രൂരമർദനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും ഇരയായിട്ടും ഒന്നുമറിഞ്ഞില്ലെന്ന കോളജ് അധികൃതരുടെ നിലപാടിൽ ദുരൂഹത. കഴിഞ്ഞ 16, 17 തീയതികളിൽ കോളജിൽ സ്പോർട്സ് ആയിരുന്നെന്നും ഈ ദിവസങ്ങളിൽ അധ്യാപകരുടെ സാന്നിധ്യം ക്യാമ്പസിൽ കുറവായിരുന്നെന്നും അതുകൊണ്ടാണ് അറിയാതെ പോയതുമെന്നാണു കോളജ് അധികൃതരുടെ നിലപാട്.

ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് കഷ്ടിച്ച് 500 മീറ്റർ അകലം മാത്രമാണ് ഹോസ്റ്റൽ വാർഡന്റെ ചുമതല കൂടി വഹിക്കുന്ന കോളജ് ഡീൻ എം.കെ.നാരായണന്റെ വസതിയിലേക്കുള്ളത്. ക്യാമ്പസിനുള്ളിലെ പതിവു സംഘർഷമെന്ന രീതിയിലാണു കോളജ് അധികൃതർ ആദ്യം നിലപാടെടുത്തത്. പിന്നീട് യുജിസിയുടെ ആന്റി റാഗിങ് സെൽ ആവശ്യപ്പെട്ടതോടെയാണു കോളജ് അധികൃതർ നടപടികൾ സ്വീകരിക്കാൻ തുടങ്ങിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.