ഇന്ത്യൻ ക്ലാസിക്കൽ നർത്തകൻ അമേരിക്കയിൽ വെടിയേറ്റ് മരിച്ചു; അന്വേഷണം ആരംഭിച്ച് ഇന്ത്യൻ കോൺസുലേറ്റ്

ഇന്ത്യൻ ക്ലാസിക്കൽ നർത്തകൻ അമേരിക്കയിൽ വെടിയേറ്റ് മരിച്ചു; അന്വേഷണം ആരംഭിച്ച് ഇന്ത്യൻ കോൺസുലേറ്റ്

സെന്‍റ് ലൂയിസ്: അമേരിക്കയിലെ മിസോറിയിലെ സെൻ്റ് ലൂയിസിൽ അജ്ഞാതരുടെ വെടിയേറ്റ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ്. കൊല്ലപ്പെട്ട നർത്തകൻ അമർനാഥ് ഘോഷിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും കോൺസുലേറ്റ് അഗാധമായ അനുശോചനം അറിയിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അനുശോചനം അറിയിച്ചത്.

"മിസോറിയിലെ സെന്‍റ് ലൂയിസിൽ അന്തരിച്ച അമർനാഥ് ഘോഷിൻ്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അഗാധമായ അനുശോചനം അറിയിക്കുന്നു. ഞങ്ങൾ ഫോറൻസിക്, പോലീസ് അന്വേഷണത്തിന് പിന്തുണ നൽകുന്നുണ്ട്," ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് പറഞ്ഞു.

വൈകുന്നേരം നടക്കാൻ പോയ അമർനാഥ് ഘോഷിന്റെ നേർക്ക് പ്രകോപനമൊന്നുമില്ലാതെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. മിസൂറിയിലെ സെന്‍റ് ലൂയിസിലാണ് ദാരുണ സംഭവം. അമർനാഥിന് ഒന്നിലധികം തവണ വെടിയേറ്റിട്ടുണ്ട്. കൊലപാതകത്തിന്‍റെ കാരണം, കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.കൊൽക്കത്തയിൽ ജനിച്ചു വളർന്ന അമർനാഥ് ചെന്നൈയിലെ കലാക്ഷേത്ര കോളജ് ഓഫ് ഫൈൻ ആർട്സിലെ പൂർവ വിദ്യാർഥിയായിരുന്നു. അമേരിക്കയിലെ സെന്‍റ് ലൂയിസിൽ മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് പഠിക്കുകയായിരുന്നു.

അടുത്തിടെയാണ് അമേരിക്കയിലെ ഇൻഡ്യാനയിലെ പർഡ്യൂ സർവകലാശാലയുടെ സമീപത്തെ വനത്തിൽ ഇന്ത്യൻ വംശജനായ ഡോക്ടറൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യൂണിവേഴ്സിറ്റിക്ക് സമീപമുള്ള പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ വനത്തിൽ 23 കാരനായ സമീർ കാമത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്.

2023 ഓഗസ്റ്റിൽ പർഡ്യൂവിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ സമീർ കാമത്ത് അതേ ഡിപ്പാർട്ട്‌മെൻ്റിൽ തുടർ പഠനം നടത്തുകയായിരുന്നു. സമീർ കാമത്തിന് അമേരിക്കൻ പൗരത്വമുണ്ടെന്ന് കൊറോണർ ഓഫീസ് അറിയിച്ചു. കാമത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വാറൻ കൗണ്ടി കൊറോണർ ഓഫീസിൻ്റെയും ഷെരീഫ് ഓഫീസിൻ്റെയും അന്വേഷണത്തിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.