കല്‍പ്പറ്റ: വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു. പ്രതികളെ ഒറ്റയ്ക്കൊറ്റയ്ക്ക് ഇരുത്തിയും കൂട്ടായും ചോദ്യം ചെയ്യുന്നുണ്ട്. പ്രതികളായ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ കാമ്പസിലെത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തും.
പ്രതികളായ 18 വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മര്‍ദ്ദനം, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തുന്നതും പൊലീസ് ആലോചിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വ്യക്തമായ തെളിവ് പൊലീസിന് ലഭിച്ചതായാണ് സൂചന.
സിദ്ധാര്‍ത്ഥനെ നാലിടത്തുവച്ച് പ്രതികള്‍ മര്‍ദ്ദിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. മര്‍ദ്ദന വിവരം പുറത്ത് ആരും അറിയാതിരിക്കാനായി സിദ്ധാര്‍ത്ഥന്റെ ഫോണ്‍ പ്രതികള്‍ പിടിച്ചു വച്ചിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു. ഫെബ്രുവരി 16 ന് ഉച്ചയോടെയാണ് വീട്ടുകാര്‍ സിദ്ധാര്‍ത്ഥനെ ഫോണില്‍ ബന്ധപ്പെടുന്നത്. പിന്നീട് പലതവണ വിളിച്ചെങ്കിലും കിട്ടിയില്ല. 17 നും ഫോണില്‍ കിട്ടിയില്ല. സഹപാഠികളിലൊരാളെ വിളിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും സിദ്ധാര്‍ത്ഥന്‍ കിടക്കുകയാണെന്നും പറഞ്ഞു. ഈ സമയത്തെല്ലാം സിദ്ധാര്‍ത്ഥന്റെ ഫോണ്‍ പ്രതികളുടെ കയ്യിലായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പിറ്റേന്ന് വീണ്ടും മര്‍ദ്ദിച്ചു. അന്ന് പ്രതികള്‍ ഫോണ്‍ കൈമാറി.
തുടര്‍ന്ന് ഫോണില്‍ അമ്മയോട് 24ന് വീട്ടിലെത്തുമെന്നു സിദ്ധാര്‍ത്ഥന്‍ പറഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി. പിന്നീട് വീട്ടുകാര്‍ കേള്‍ക്കുന്നത് മരണവാര്‍ത്തയാണ്. 18 ന് രാവിലെ സിദ്ധാര്‍ത്ഥന് വലിയ കുഴപ്പമില്ലെന്ന് വിലയിരുത്തിയ സംഘം ഉച്ചയ്ക്കും മര്‍ദിക്കുകയായിരുന്നു. ശുചി മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഉടനെ സിദ്ധാര്‍ത്ഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിന് മുമ്പ് പ്രതികളുടെ നേതൃത്വത്തിലാണ് അഴിച്ചെടുത്തത്. ആരോടും പറയരുതെന്ന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.