പുലര്‍ച്ചെ വരെ നീണ്ട ക്രൂരമായ മര്‍ദ്ദനം; അത് ഹോസ്റ്റലിലെ അലിഖിത നിയമം: സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

പുലര്‍ച്ചെ വരെ നീണ്ട ക്രൂരമായ മര്‍ദ്ദനം; അത് ഹോസ്റ്റലിലെ അലിഖിത നിയമം: സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി സര്‍വകലാശാല ഹോസ്റ്റലില്‍ നിലനില്‍ക്കുന്ന അലിഖിത നിയമം അനുസരിച്ചാണ് സിദ്ധാര്‍ത്ഥന്റെ വിചാരണ നടപ്പാക്കിയതെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.

ഹോസ്റ്റല്‍ അന്തേവാസികളുടെ പൊതു മധ്യത്തില്‍ വിവസ്ത്രനാക്കി പരസ്യ വിചാരണ നടത്തുകയായിരുന്നു. അടിവസ്ത്രം മാത്രമിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ബെല്‍റ്റും വയറും കേബിളുകളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം.

മരണമല്ലാതെ മറ്റൊരു വഴിയില്ലെന്ന അവസ്ഥയിലെത്തിച്ചു എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു പെണ്‍കുട്ടിയുടെ പരാതി പൊലീസിലേക്ക് പോയാല്‍ വലിയ പ്രശ്നങ്ങളുണ്ടാകും. അതിനാല്‍ പ്രശ്നം ഹോസ്റ്റലില്‍ വെച്ചു ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞാണ് വീട്ടിലേക്കു പോയ സിദ്ധാര്‍ത്ഥനെ വിളിച്ചു വരുത്തുന്നത്.

രഹാന്‍ എന്ന വിദ്യാര്‍ഥിയുടെ ഫോണില്‍ മറ്റൊരു വിദ്യാര്‍ഥിയായ ഡാനിഷ് ആണ് സിദ്ധാര്‍ത്ഥനെ തിരികെ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തുന്നത്. കോളജില്‍ നിന്ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് പോകുമ്പോള്‍ എറണാകുളത്തെത്തിയപ്പോഴാണ് സിദ്ധാര്‍ത്ഥന് ഫോണ്‍ കോള്‍ ലഭിക്കുന്നത്.

ഹോസ്റ്റലിലെത്തിയ സിദ്ധാര്‍ത്ഥനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. പല സ്ഥലത്തു വെച്ചും പല സമയത്തും മര്‍ദ്ദനമുണ്ടായി. രാത്രി ഒമ്പതു മണിക്ക് ആരംഭിച്ച മര്‍ദ്ദനം പുലര്‍ച്ചെ രണ്ടു മണി വരെ നീണ്ടു. ഹോസ്റ്റല്‍ റൂമില്‍ വെച്ചും മര്‍ദ്ദിച്ചു. ജാമ്യം അനുവദിച്ചാല്‍ പ്രതികള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ പ്രതികളായ 18 വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മര്‍ദ്ദനം, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തുന്നതും പൊലീസ് ആലോചിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വ്യക്തമായ തെളിവ് പൊലീസിന് ലഭിച്ചതായാണ് സൂചന.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.