ന്യൂഡല്‍ഹി: സീറ്റ് നിക്ഷേധിച്ചതിന് പിന്നാലെ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി പ്രമുഖ ബിജെപി നേതാവും മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ഡോ. ഹര്‍ഷ വര്‍ധനും സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് വ്യക്തമാക്കി ഭോജ്പുരി ഗായകനും ബംഗാളി നടനുമായ പവന്‍ സിങും രംഗത്തെത്തിയത് ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയായി.
ഡല്‍ഹി ചാന്ദ്നി ചൗക്കിലെ സിറ്റിങ് എംപിയായിരുന്നു ഡോ. ഹര്‍ഷ വര്‍ധന്‍. പശ്ചിമ ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിത്വത്തില്‍ നിന്നാണ് പവന്‍ സിങിന്റെ പിന്‍മാറ്റം.
ശനിയാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ പട്ടിക പുറത്ത് വന്നപ്പോള്‍ ചാന്ദ്നി ചൗക്കില്‍ പര്‍വീണ്‍ ഖണ്ഡേല്‍വാളിനെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് ഹര്‍ഷ വര്‍ധന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2014 ലും 2019 ലും ഹര്‍ഷ വര്‍ധന്‍ ചാന്ദ്നി ചൗക്കില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
'അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലും രണ്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളിലും ഞാന്‍ പോരാടി വിജയിക്കുകയും പാര്‍ട്ടി സംഘടനയിലും സംസ്ഥാനത്തും കേന്ദ്രത്തിലുമുള്ള സര്‍ക്കാരുകളിലും അഭിമാനകരമായ നിരവധി സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തു. ഒടുവില്‍ എന്റെ വേരുകളിലേക്ക് മടങ്ങുന്നു' - ഹര്‍ഷ വര്‍ധന്‍ എക്സില്‍ കുറിച്ചു.
ഡോക്ടര്‍ കൂടിയായ ഹര്‍ഷ വര്‍ധന്‍ കൃഷ്ണ നഗറിലുള്ള തന്റെ ഇ.എന്‍.ടി ക്ലിനിക്കില്‍ ഭാവി ജീവിതം ചെലവഴിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2013 ല്‍ ഡല്‍ഹിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു ഹര്‍ഷ വര്‍ധന്‍. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയെങ്കിലും കോണ്‍ഗ്രസിന്റെ പിന്തുണയോടെ എഎപി അധികാരത്തിലേറുകയായിരുന്നു.
ഒന്നും രണ്ടും മോഡി സര്‍ക്കാരുകളില്‍ മന്ത്രിയായി ഹര്‍ഷ വര്‍ധന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോവിഡ് കാലഘട്ടത്തില്‍ 2021 ല്‍ മന്ത്രിസഭാ പുന സംഘടനയിലാണ് മന്ത്രിസ്ഥാനം നഷ്ടമായത്.
ബിജെപി പുറത്തിറക്കിയ ആദ്യ പട്ടികയില്‍പ്പെട്ട ആളാണ് പവന്‍ സിങ്. പശ്ചിമ ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു അദേഹം. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പവന്‍ സിങിന്റെ ഗാനങ്ങളില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ബോളിവുഡ് താരമായ ശത്രുഘ്നന്‍ സിന്‍ഹയാണ് നിലവില്‍ അസന്‍സോള്‍ എം.പി. ബിജെപി എം.പിയായിരുന്ന ബാബുല്‍ സുപ്രിയോ രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് തൃണമൂല്‍ ടിക്കറ്റില്‍ ശത്രുഘ്നന്‍ സിന്‍ഹ ഇവിടെ വിജയിക്കുന്നത്.
സന്ദേശ്ഖലി ഉയര്‍ത്തി സംസ്ഥാനത്ത് മുന്നേറ്റം ആഗ്രഹിക്കുന്ന ബിജെപി, പവന്‍ സിങിനെ സ്ഥാനാര്‍ഥിയാക്കുന്നത് സെല്‍ഫ് ഗോളായിരിക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നു. 42 മണ്ഡങ്ങളുള്ള സംസ്ഥാനത്ത് 20 സീറ്റുകളിലേക്കാണ് ബിജെപി ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്.
ബിജെപി എംപിമാരായിരുന്ന ജയന്ത് സിന്‍ഹയും ഗൗതം ഗംഭീറും രാഷ്ട്രീയം വിടുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.