പിഎഫ് ശമ്പളപരിധി 21,000 രൂപയാക്കാൻ നീക്കം

പിഎഫ് ശമ്പളപരിധി 21,000 രൂപയാക്കാൻ നീക്കം

ന്യൂഡൽഹി: പിഎഫ് ശമ്പളപരിധി 21,000 രൂപയാക്കാൻ നീക്കം.പിഎഫ് പെൻഷൻ കണക്കാക്കുന്നതിനുള്ള ഉയർന്ന ശമ്പളപരിധി 15,000 രൂപയിൽനിന്ന് 21,000 രൂപയാക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നു. തൊഴിൽ കോഡുകളെക്കുറിച്ചു കഴിഞ്ഞ ദിവസം തൊഴിലുടമകളുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യം സൂചിപ്പിച്ചതായാണു വിവരം. ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകാനുള്ള കോടതി വിധിയെ എതിർക്കുന്ന സർക്കാർ, ഇത്തരം നീക്കങ്ങളിലൂടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണെന്ന ആക്ഷേപമുണ്ട്.

ആദ്യം 6500 രൂപയായിരുന്ന ശമ്പളപരിധി 2014 ലാണു 15,000 രൂപയാക്കിയത്. എത്ര ഉയർന്ന ശമ്പളമുള്ളവർക്കും ഈ പരിധി കണക്കാക്കി മാത്രം പെൻഷൻ നിശ്ചയിക്കുന്നതിലെ അനീതി തൊഴിലാളികൾ ചൂണ്ടിക്കാട്ടിയിരുന്നു.അതേത്തുടർന്നാണ് യഥാർഥ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകണമെന്നു 2018 ൽ കേരള ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. ഇതിനെതിരെ നൽകിയ പുനഃപരിശോധനാ ഹർജിയും തൊഴിൽ മന്ത്രാലയം നൽകിയ പ്രത്യേകാനുമതി ഹർജിയും സുപ്രീം കോടതി 29നു പരിഗണിക്കും. കഴിഞ്ഞയാഴ്ച ഹർജികൾ പരിഗണിച്ചപ്പോൾ 25ലേക്കു മാറ്റുന്നതായാണ് പറഞ്ഞിരുന്നതെങ്കിലും ഉത്തരവിറങ്ങിയപ്പോൾ 29ലേക്ക് മാറ്റി.

ഓരോ അംഗവും നൽകുന്ന വിഹിതത്തിന് ആനുപാതികമായി പെൻഷൻ നൽകുന്ന രീതിയും പരിഗണനയിലുണ്ട്. ഇതു നടപ്പാക്കുമ്പോൾ നിലവിലുള്ള അംഗങ്ങളുടെ പെൻഷനിൽ മാറ്റമുണ്ടാകില്ല. എന്നാൽ, ഈ രീതി പദ്ധതിയുടെ സാമൂഹിക സുരക്ഷാ സ്വഭാവം നഷ്ടമാക്കുമെന്നു വാദമുണ്ട്. അതേസമയം, ആനുപാതിക പെൻഷന് പകരം ശമ്പളപരിധി പുതുക്കുകയാണ് ചെയ്യുന്നതെങ്കിൽ പെൻഷനിലും അതിനനുസരിച്ചുള്ള വർധന ആയിരിക്കും ഉണ്ടാകുക. ശമ്പളപരിധി 25,000 രൂപയാക്കണമെന്ന് ഇപിഎഫ്ഒ നേരത്തേ നിർദേശിച്ചിരുന്നു. ചർച്ചയിലുയർന്ന നിർദേശത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.