തിരുവനന്തപുരം: കേരള സര്‍വ്വകലാശാല യുവജനോത്സവത്തിന് ഇന്‍തിഫാദ എന്ന പേരിട്ടത് മാറ്റാന്‍ നിര്‍ദേശം. പോസ്റ്റര്‍, സോഷ്യല്‍ മീഡിയ, നോട്ടീസ് എന്നിവിടങ്ങിളിലൊന്നും ഇന്‍തിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഉത്തരവിട്ടു.
എസ്എഫ്‌ഐ നയിക്കുന്ന കേരള സര്‍വകലാശാല യൂണിയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് വിസി പേര് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇന്‍തിഫാദ എന്ന പേര് സമുദായ ഐക്യം തകര്‍ക്കുമെന്ന് കാണിച്ച് പരാതി ഉയര്‍ന്നിരുന്നു. ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് വിസിയുടെ നടപടി.
ഈ മാസം ഏഴ് മുതല്‍ 11 വരെ നടക്കുന്ന കേരള സര്‍വ്വകലാശാല കലോത്സവത്തിനാണ് ഇന്‍തിഫാദ എന്ന പേരിട്ടത്. പേരിട്ടതിനെ ചോദ്യം ചെയ്ത് നിലമേല്‍ എന്‍.എസ്.എസ് കോളേജ് വിദ്യാര്‍ത്ഥി ആശിഷ് എ.എസ് ആണ് കോടതിയെ സമീപിച്ചത്.
ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട സിംഗിള്‍ ബെഞ്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, കേരള സര്‍വകലാശാല എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. വൈസ് ചാന്‍സലര്‍ക്ക് പ്രത്യേക ദൂതന്‍ വഴി നോട്ടീസ് നല്‍കാനും നിര്‍ദേശം നല്‍കിയിരുന്നു.
അറബി പദമായ ഇന്‍തിഫാദക്ക് തീവ്രവാദവുമായും പാലസ്തീന്‍-ഇസ്രയേല്‍ യുദ്ധവുമായി ബന്ധമുണ്ടെന്നാണ് ഹര്‍ജിയിലെ വാദം. കലോത്സവത്തിന് ഈ പേര് നല്‍കരുതെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ച് എബിവിപി പേരിനെതിരെ പ്രസ്താവനയിറക്കി.
അതേ സമയം ഇന്‍തിഫാദ എന്ന പേരില്‍ തന്നെയാണ് എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന സര്‍വ്വകലാശാല യൂണിയന്‍ മുന്നോട്ട് പോകുന്നത്. ഫ്‌ളക്‌സും പ്രചാരണ ബോര്‍ഡുകളുമൊന്നും മാറ്റിയിട്ടില്ല. വിവാദം പുകയുമ്പോഴും പരാതിയെ കുറിച്ച് ഔദ്യോഗിക പ്രതികരണത്തിന് യൂണിയന്‍ ഭാരവാഹികള്‍ തയ്യാറായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.