ക്വീന്‍സ് ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ വംശജയായ യുവ ഡോക്ടര്‍ മരിച്ചു

ക്വീന്‍സ് ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ വംശജയായ യുവ ഡോക്ടര്‍ മരിച്ചു

ബ്രിസ്‌ബെയ്ന്‍: ക്വീന്‍സ് ലന്‍ഡിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗോള്‍ഡ് കോസ്റ്റ് ലാമിങ്ടണ്‍ നാഷണല്‍ പാര്‍ക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയ ഇന്ത്യന്‍ വംശജയായ യുവ ഡോക്ടര്‍ കാല്‍വഴുതി വീണ് മരിച്ചു. ഹൈദരാബാദില്‍നിന്നും ഓസ്‌ട്രേലിയയിലെ പെര്‍ത്തിലേക്കു കുടിയേറിയ വെങ്കിട്ട് - മൈഥിലി ദമ്പതികളുടെ മകള്‍ ഉജ്ജ്വല വെമുരു (20) ആണു മരിച്ചത്. മെഡിക്കല്‍ പഠനം പൂര്‍ത്തിയായി ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് അപ്രതീക്ഷിത ദുരന്തമുണ്ടായത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ദാരുണമായ അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഉജ്ജ്വല വെള്ളച്ചാട്ടം കാണാനെത്തിയത്. വെള്ളച്ചാട്ടത്തിനരികില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ യുവതിയുടെ കൈയില്‍നിന്ന് ട്രൈപോഡ് താഴെ വീണു. ഇതു വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തിലേക്കു വീഴുകയായിരുന്നു. ചരിവിലൂടെ 10 മീറ്റര്‍ താഴേക്കു തെന്നിവീണ് വെള്ളം നിറഞ്ഞ ആഴമുള്ള കുഴിയിലേക്കു വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് എ.ബി.സി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു യുവതി വെള്ളച്ചാട്ടത്തില്‍ വീണുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അടിയന്തര സേവനങ്ങള്‍ ലാമിങ്ടണ്‍ നാഷണല്‍ പാര്‍ക്കിലെ യാന്‍ബാക്കൂച്ചി വെള്ളച്ചാട്ടത്തിലേക്ക് ഉടന്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി മുഴുവന്‍ പരിശ്രമിച്ച ശേഷമാണ് മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞതെന്ന് ക്വീന്‍സ്ലാന്‍ഡ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് വക്താവ് പറഞ്ഞു.

പെര്‍ത്ത് വില്ലെട്ടണ്‍ പബ്ലിക് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ് ഉജ്ജ്വല. കഴിഞ്ഞ ഡിസംബറില്‍ ക്വീന്‍സ് ലന്‍ഡിലെ ബോണ്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണു മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയത്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.