പരസ്യം പോലെയല്ല പരമാര്‍ത്ഥം: ദക്ഷിണേഷ്യയിലെ പട്ടിണിക്കുരുന്നുകള്‍ എട്ട് ദശലക്ഷം; അതില്‍ 6.7 ദശലക്ഷത്തിലധികവും ഇന്ത്യയില്‍!

പരസ്യം പോലെയല്ല പരമാര്‍ത്ഥം: ദക്ഷിണേഷ്യയിലെ പട്ടിണിക്കുരുന്നുകള്‍  എട്ട്  ദശലക്ഷം; അതില്‍ 6.7 ദശലക്ഷത്തിലധികവും ഇന്ത്യയില്‍!

ന്യൂഡല്‍ഹി: ഒരു ദിവസം മുഴുവന്‍ ഭക്ഷണമില്ലാതെ പട്ടിണി കിടക്കേണ്ടി വരുന്ന ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ എണ്ണം പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിലേതിന് തുല്ല്യമാണെന്ന് പഠനം.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ 2019-2021 ലെ ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ നിന്നുള്ള ഡാറ്റ ശേഖരിച്ച് ടെലിഗ്രാഫ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് രാജ്യത്തെ നാണം കെടുത്തുന്ന വെളിപ്പെടുത്തലുള്ളത്.

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒന്നും കഴിക്കാത്ത ഇന്ത്യയിലെ 'സീറോ ഫുഡ്' കുട്ടികളുടെ എണ്ണം ഗിനിയ, ലൈബീരിയ, ബെനിന്‍, മാലി എന്നിവിടങ്ങളിലെ നിരക്കുകളുമായി താരതമ്യപ്പെടുത്താമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ജനസംഖ്യ ആരോഗ്യ ഗവേഷകനായ എസ്.വി സുബ്രഹ്മണ്യവും സഹപ്രവര്‍ത്തകരും നടത്തിയ പഠനം ജമാ നെറ്റ്വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ 'സീറോ ഫുഡ്' കുട്ടികളുടെ എണ്ണം 19 ശതമാനമാണെന്ന് പഠനം കണക്കാക്കുന്നു. ഗിനിയയില്‍ ഇത് 21.8 ശതമാനവും മാലിയില്‍ 20.5 ശതമാനവുമാണ്. ബംഗ്ലാദേശ് 5.6 ശതമാനം, പാകിസ്താന്‍ 9.2 ശതമാനം, ഡി.ആര്‍ കോംഗോ 7.4 ശതമാനം, നൈജീരിയ 8.8 ശതമാനം, എത്യോപ്യ 14.8 ശതമാനം എന്നിവിടങ്ങളിലെ കണക്കുകള്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2010 നും 2021 നും ഇടയില്‍ വിവിധ സമയങ്ങളില്‍ 92 താഴ്ന്ന വരുമാനമുള്ളതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലെ ആരോഗ്യ സര്‍വേകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ദക്ഷിണേഷ്യയിലാണ് ഏറ്റവും കൂടുതല്‍ 'സീറോ ഫുഡ്' കുട്ടികള്‍ ഉള്ളതെന്ന് പഠനം പറയുന്നു. ഏകദേശം എട്ട് ദശലക്ഷം. ഇതില്‍ 6.7 ദശലക്ഷത്തിലധികം ഇന്ത്യയിലാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.