കോഴിക്കോട്: സംസ്ഥാനത്ത് വന്യ ജീവി ആക്രമണങ്ങളിൽ ഇന്നലെ മാത്രം രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. കാട്ടുപോത്തിന്റെ ആക്രമത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ കക്കയത്ത് ഇന്ന് ഹർത്താൽ. അബ്രഹാമിന്റെ പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കൽ കോളേജിൽ രാവിലെ നടക്കും. വൈകുന്നേരം നാല് മണിയോടെയാണ് സംസ്കാരം നടക്കുക.
അതേ സമയം അക്രമകാരിയായ കാട്ടുപോത്തിനെ മയക്കു വെടിവെക്കാന്‍ വനം വകുപ്പ് ഉത്തരവിട്ടു. വന്യജീവികൾ ജനവാസ മേഖലയിലെത്തി അക്രമം നടത്തുന്നതിൽ വനംവകുപ്പിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഇന്നലെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കക്കയം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. എൽഡിഎഫും യുഡിഎഫും കക്കയത്ത് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. അക്രമകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലണം എന്ന് അബ്രഹാമിന്റെ മകൻ പറഞ്ഞു. വേനൽ കടുക്കുന്നതിനാലാണ് വന്യജീവികൾ ജനവാസ മേഘലയിലേക്ക് ഇറങ്ങുന്നതെന്നും കരുതൽ വേണമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നൽകി.
അബ്രഹാമിൻ്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സർക്കാർ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ ഇന്ന് കൈമാറുമെന്ന് മന്ത്രി എ കെ ശശിധരൻ അറിയിച്ചു. കാട്ടുപോത്തിനെ കണ്ടെത്തി മയക്കു വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. ഉയർന്ന താപനില കാരണം വന്യമൃഗങ്ങൾ കാട്ടിൽ നിന്ന് പുറത്തുവരാൻ സാധ്യതയുണ്ടെന്നും വനത്തിൽ പ്രവേശിക്കരുതെന്നും വനംവകുപ്പ് നിർദ്ദേശവും നൽകിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.