ശമ്പള വിതരണം പ്രതിസന്ധിയില്‍: നെട്ടോട്ടമോടി ജീവനക്കാര്‍; കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ശമ്പള വിതരണം പ്രതിസന്ധിയില്‍: നെട്ടോട്ടമോടി ജീവനക്കാര്‍; കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരള സര്‍ക്കാരിന് തിരിച്ചടിയായി ശമ്പള വിതരണത്തിലെ പ്രതിസന്ധി. ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുകയാണ്. ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം തുടരുന്നതിന് ഒപ്പം ശമ്പള വിതരണവും ഭാഗികമായേ ഇപ്പോഴും നടക്കുന്നുള്ളു. അധ്യാപകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതുവരെ ശമ്പളം കിട്ടിയിട്ടില്ല.

ശമ്പളവിതരണം നേരെയാക്കാന്‍ മൂന്ന് ദിവസമെങ്കിലും എടുക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ജീവനക്കാര്‍ പല ഓഫീസുകളിലും സെക്രട്ടറിമാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും പരാതികള്‍ നല്‍കി തുടങ്ങി. നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ ശമ്പളം ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കി. റവന്യൂ വകുപ്പില്‍ സെക്രട്ടറിക്കും മന്ത്രിക്കും ജീവനക്കാര്‍ കൂട്ടത്തോടെ കത്ത് നല്‍കിയിരിക്കുകയാണ്.

അധ്യാപകര്‍ക്കും ശമ്പളം കിട്ടിയില്ല. അവരും പ്രതിഷേധത്തിലാണ്. ശമ്പളം കിട്ടിയവര്‍ക്ക് 50,000 രൂപയാണ് കിട്ടുന്നത്. അതേസമയം ട്രഷറിയില്‍ നിന്ന് ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമേ പിന്‍വലിക്കൂ എന്ന ഓപ്ഷന്‍ എടുത്തവര്‍ക്ക് മുഴുവന്‍ ശമ്പളവും ക്രെഡിറ്റ് ആയിട്ടുണ്ട്. നാല്‍പ്പത് ശതമാനം ജീവനക്കാര്‍ക്ക് മാത്രമാണ് ഇന്നലെ വരെ ശമ്പളം കിട്ടിയതെന്നാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.

പൊലീസ്, എക്സൈസ്, റവന്യൂ, നികുതി, രജിസ്ട്രേഷന്‍, ഗതാഗതം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ഇന്നലെ ശമ്പളം കിട്ടേണ്ടതായിരുന്നെങ്കിലും പലര്‍ക്കും കിട്ടിയിട്ടില്ല. ശമ്പള വിതരണം ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്നാണ് കേരള ഗവ. നഴ്സസ് യൂണിയന്‍ സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പ്. വിഷയത്തില്‍ സ്പീക്കര്‍ ഇടപെടണമെന്നും അതല്ലെങ്കില്‍ ജോലി ബഹിഷ്‌കരിക്കേണ്ടിവരുമെന്നും നിയമസഭാ ജീവനക്കാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രശ്നത്തിന് എന്ന് മുതല്‍ പരിഹാരമാകുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

അതേസമയം കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ നല്‍കിയ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നതില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് കേരളം സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് കോടി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അടിയന്തിരമായി 26000 കോടി കടമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കണം എന്നാണ് സംസ്ഥാനം ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നത്. ഹര്‍ജി പിന്‍വലിച്ചാല്‍ അടിയന്തിരമായി 13000 കോടി അനുവദിക്കാമെന്ന കേന്ദ്രത്തിന്റെ നിര്‍ദേശം കേരളം നേരത്തെ തള്ളിയിരുന്നു. മുന്‍പ് ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പ്രശ്നത്തിന് പരിഹാരമായിരുന്നില്ല.
ഇതിന് പുറമെ ട്രഷറിയിലെ മറ്റ് ഇടപാടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങളോടെയാണെങ്കിലും മുടങ്ങിയ ശമ്പള വിതരണം മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.