ന്യൂഡല്‍ഹി: ഏദന്‍ ഉള്‍ക്കടലില്‍ ഡ്രോണ്‍ ആക്രമണത്തിനിരയായ കപ്പലിലെ 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 23 പേരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. മാര്‍ച്ച് നാലിന് ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ലൈബീരിയന്‍ പതാകയുള്ള വാണിജ്യ കപ്പലായ എം.എസ്.സി സ്‌കൈടു (MSCSky II) അഗ്നിക്കിരയായതായി നാവികസേന പ്രസ്താവനയില്‍ പറഞ്ഞു. സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മേഖലയില്‍ വിന്യസിച്ചിരിക്കുന്ന ഐഎന്‍എസ് കൊല്‍ക്കത്തയാണ് കപ്പലിലുള്ളവരെ രക്ഷപ്പെടുത്തിയത്.
ഐഎന്‍എസ് കൊല്‍ക്കത്തയില്‍ നിന്നുള്ള 12 പേരടങ്ങുന്ന ഒരു പ്രത്യേക അഗ്നിശമന സംഘം മാര്‍ച്ച് അഞ്ചിന് രാവിലെ തീ അണയ്ക്കാന്‍ സഹായിക്കാനായി പുറപ്പെട്ടു. ശേഷിക്കുന്ന അപകട സാധ്യതകള്‍ വിലയിരുത്തുന്നതിനുള്ള സഹായം നല്‍കുന്നതിനായി ഒരു സ്പെഷ്യലിസ്റ്റ് എക്സ്പ്ലോസീവ് ഓര്‍ഡനന്‍സ് ഡിസ്പോസല്‍ (ഇഒഡി) ടീമും കപ്പലില്‍ ഉണ്ടായിരുന്നതായും നാവികസേന പ്രസ്താവനയില്‍ പറഞ്ഞു.
ചെങ്കടലിലെ വിവിധ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂതി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള ആഗോള ആശങ്കകള്‍ക്കിടയിലാണ് പുതിയ സംഭവം. ഏദനില്‍ നിന്ന് ഏകദേശം 90 നോട്ടിക്കല്‍ മൈല്‍ തെക്കുകിഴക്കായി സഞ്ചരിക്കുന്നതിനിടെയായിരുന്നു കപ്പലിനെതിരായ ആക്രമണം. ഡ്രോണ്‍ ആക്രമണത്തില്‍ തീപിടുത്തമുണ്ടായതായി നാവികസേന അറിയിക്കുകയായിരുന്നു.
ഗള്‍ഫ് ഓഫ് ഏദനില്‍ ലൈബീരിയന്‍ പതാക ഘടിപ്പിച്ച സ്വിറ്റ്സര്‍ലന്‍ഡിന്റെ ഉടമസ്ഥതയിലുള്ള കണ്ടെയ്‌നര്‍ കപ്പല്‍ ആക്രമണം നടത്തിയതായി ഹൂതി തീവ്രവാദികള്‍ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നാവിക സേനയുടെ പ്രസ്താവന. ഗാസയില്‍ ഇസ്രയേലിനെതിരെ യുദ്ധം നടത്തുന്ന ഹമാസിനെ പിന്തുണച്ച് ഹൂതികള്‍ നവംബര്‍ പകുതി മുതല്‍ തെക്കന്‍ ചെങ്കടലിലും പരിസരത്തും വ്യാപാരികളുടെയും സൈനികരുടെയും കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തി വരികയാണ്.
ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുന്നത് വരെ കപ്പലുകള്‍ തകര്‍ക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് സംഘം അറിയിച്ചിരിക്കുന്നത്. പല വാണിജ്യ കപ്പലുകളും ചെങ്കടല്‍, സൂയസ് കനാല്‍ എന്നിവയിലൂടെ സഞ്ചരിക്കുന്നതിന് പകരം ദക്ഷിണാഫ്രിക്ക ചുറ്റി സഞ്ചരിക്കുകയാണ് ചെയ്യുന്നത്.
ഇത് ചരക്കുകളുടെ നിരക്ക് കുതിച്ചുയരുന്നതിനും കാരണമായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത്തരം ആക്രമണങ്ങളെത്തുടര്‍ന്ന് പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിരവധി വ്യാപാര കപ്പലുകള്‍ക്ക് ഇന്ത്യന്‍ നാവികസേന സഹായം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.