സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അടിമുടി ദുരൂഹത: പൊലീസ് അറിയുന്നതിന് മുന്‍പേ മൃതദേഹം കൊണ്ടുപോകാന്‍ കോളജില്‍ ആംബുലന്‍സ് എത്തിയതെങ്ങനെ?

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അടിമുടി ദുരൂഹത: പൊലീസ് അറിയുന്നതിന് മുന്‍പേ മൃതദേഹം കൊണ്ടുപോകാന്‍  കോളജില്‍ ആംബുലന്‍സ് എത്തിയതെങ്ങനെ?

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ഏറുന്നു. സിദ്ധാര്‍ത്ഥ് മരിച്ചത് അധികൃതര്‍ അറിയും മുന്‍പേ കോളജില്‍ ആംബുലന്‍സ് എത്തിയതിനെ ചുറ്റിപ്പറ്റിയാണ് പുതിയ സംശയങ്ങള്‍ ഉടലെടുത്തത്. മൃതദേഹം കൊണ്ടു പോകാന്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി കിട്ടിയെന്നാണ് ഉച്ചയ്ക്ക് ഒന്നരയോടെ ആംബുലന്‍സുകാര്‍ അധികൃതരോട് പറഞ്ഞത്.

എന്നാല്‍ എഫ്‌ഐആര്‍ അനുസരിച്ച് വൈകുന്നേരം നാലരയോടെയാണ് മരണ വിവരം സ്റ്റേഷനില്‍ കിട്ടുന്നത്. ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും 1.45 നും ഇടയില്‍ സിദ്ധാര്‍ത്ഥ് മരിച്ചു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അനുസരിച്ച് 18 ന് വൈകുന്നേരം 4.29 നാണ് മരണ വിവരം വൈത്തിരി സ്റ്റേഷനില്‍ അറിയുന്നത്.

എന്നാല്‍ മൃതദേഹം ഇറക്കാന്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അനുമതി വാങ്ങിയെന്ന് ആംബുലന്‍സില്‍ എത്തിയവര്‍ അധികൃതരോട് പറഞ്ഞിരുന്നു. പിന്നാലെ ഒന്നരയോടെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസ് എഫ്‌ഐആര്‍ പ്രകാരം മരണ വിവരം അറിഞ്ഞത് വൈകുന്നേരം 4.29 നാണെങ്കില്‍ ആംബുലന്‍സുകാര്‍ ആരെയാണ് വിളിച്ചതെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

തുടര്‍ച്ചയായുള്ള മര്‍ദനം നേരിട്ട സിദ്ധാര്‍ത്ഥ് വെള്ളവും ഭക്ഷണവും കഴിക്കാതെ പൂര്‍ണ അവശനായിരുന്നു. എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കട്ടിലില്‍ മൂടിപ്പുതച്ച് കിടക്കുകയായിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ സിദ്ധാര്‍ത്ഥ് കുളിമുറിയില്‍ പോയി സ്വയം കെട്ടിത്തൂങ്ങുമോ എന്ന സംശയമാകാം കൊലപാതകമാണോ എന്ന് നിഗമനത്തിലെത്താന്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്.

പ്രതികളെ മുഴുവന്‍ പിടിച്ചെങ്കിലും തുടക്കത്തില്‍ പൊലീസിന് വീഴ്ചയുണ്ടെന്ന വിമര്‍ശനമുണ്ട്. കുറ്റകൃത്യം നടന്നാല്‍ ഫൊറന്‍സിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മഹസര്‍ തയ്യാറാക്കുന്നത് വരെ സംഭവ സ്ഥലം സീല്‍ ചെയ്യുന്നതാണ് രീതി. എന്നാല്‍ അതുണ്ടായില്ല. ഒരാളുടെ തൂങ്ങി മരണം ആത്മഹത്യയോ കൊലപാതകമോ എന്ന സംശയം വന്നാല്‍, സെല്ലോ ഫൈന്‍ ടേപ് ടെസ്റ്റ് നടത്തിയാണ് സംശയം നീക്കുക.

പോസ്റ്റുമോര്‍ട്ടത്തിന് മൃതദേഹം എത്തിച്ചപ്പോള്‍ തൂങ്ങി മരിക്കാനുപയോഗിച്ച മുണ്ട് കൊണ്ടുവന്നില്ലെന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലെ ഫൊറന്‍സിക് സര്‍ജന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. കഴുത്തില്‍ ഉള്‍പ്പെടെ പതിനെട്ടിടങ്ങളില്‍ പരിക്കുണ്ടെന്ന് വൈത്തിരി പൊലീസ് തന്നെ മാര്‍ക്ക് ചെയത് സര്‍ജന് നല്‍കിയിരുന്നു. തൂങ്ങി മരണത്തിന്റെ പരിക്കല്ലെന്നിരിക്കെ, ക്രൈം സീന്‍ സീല്‍ ചെയ്യുന്നതില്‍ പൊലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നാണ് പ്രധാന വിമര്‍ശനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.