സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളത്തിന് ആശ്വാസം; 13,600 കോടി കടമെടുക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളത്തിന് ആശ്വാസം; 13,600 കോടി കടമെടുക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് 13,600 കോടി രൂപയുടെ കടമെടുപ്പിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. 26,000 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേരളം ആവശ്യപ്പെട്ടത്.

എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 ന് മുന്‍പ് സംസ്ഥാനത്തിന് കടമെടുക്കാന്‍ അര്‍ഹതയുള്ളത് 13,608 കോടി രൂപയാണ്. ഈ തുക കടമെടുക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാരിന് അടിയന്തരമായി നല്‍കണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

അതേസമയം, 15,000 കോടി രൂപ കൂടി വേണ്ടി വരുമെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ വാദിച്ചു. ബാക്കി തുകയ്ക്കായി കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു.

കടമെടുപ്പ് പരിധിയില്‍ സുപ്രീം കോടതി ഇടപെടരുതെന്ന ആവശ്യം കേന്ദ്രം ഉന്നയിച്ചു. എന്നാല്‍ കേരളത്തിന്റെ ഹര്‍ജിയിലെ എല്ലാ ആവശ്യങ്ങളും തീര്‍പ്പാക്കാന്‍ സമയം വേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയില്‍ സംസ്ഥാനം നല്‍കിയിരിക്കുന്ന ഹര്‍ജി പിന്‍വലിച്ചാല്‍ മാത്രമേ ഈ തുക എടുക്കാന്‍ സംസ്ഥാനത്തിന് അധികാരം നല്‍കാന്‍ കഴിയൂ എന്നായിരുന്നു കേന്ദ്ര നിലപാട്. എന്നാല്‍ ഇതിനെ സുപ്രീം കോടതി വിമര്‍ശിച്ചു.

ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് കേരളം കോടതിയെ അറിയിച്ചു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിക്കണമെന്ന് നിര്‍ദേശിച്ച കോടതി ഹര്‍ജി നല്‍കാനുള്ളത് ഏവരുടെയും അവകാശമാണെന്നും ചൂണ്ടിക്കാട്ടി.

കടമെടുപ്പിന് പരിധിനിശ്ചയിച്ച് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് കാട്ടിയാണ് കേരളം സ്യൂട്ട് ഹര്‍ജി നല്‍കിയത്.  മുന്‍പ് കേസ് പരിഗണിച്ച ദിവസങ്ങളില്‍ വിഷയം പരസ്പരം ചര്‍ച്ചചെയ്ത് രമ്യമായി പരിഹരിച്ചുകൂടേയെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. സാമ്പത്തിക വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുന്നതിലെ പരിമിതികളും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.