പ്രിയങ്കയുടെ കന്നിയങ്കം റായ്ബറേലിയില്‍; രാഹുല്‍ അമേഠിയിലും വയനാട്ടിലും മത്സരിച്ചേക്കും: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍

പ്രിയങ്കയുടെ കന്നിയങ്കം റായ്ബറേലിയില്‍; രാഹുല്‍ അമേഠിയിലും വയനാട്ടിലും മത്സരിച്ചേക്കും:  കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് സീറ്റായ റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയ സാഹചര്യത്തിലാണ് റായ്ബറേലിയില്‍ പ്രിയങ്ക കന്നിയങ്കത്തിനൊരുങ്ങുന്നത്.

സിറ്റിങ് സീറ്റായ വയനാടിനൊപ്പം കഴിഞ്ഞ തവണ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് പരാജയപ്പെട്ട അമേഠിയിലും രാഹുല്‍ ഗാന്ധി ഇത്തവണയും മത്സരിക്കുമെന്ന് കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. .

ഇരുമണ്ഡലങ്ങളിലും മത്സരിക്കാനുള്ള സന്നദ്ധത രാഹുലും റായ്ബറേലിയില്‍ മത്സരിക്കാനുള്ള താല്‍പര്യം പ്രിയങ്കയും എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നാളെ തുടങ്ങുന്ന കേന്ദ്ര തിരഞ്ഞടുപ്പ് സമിതി യോഗം ഇത് ചര്‍ച്ച ചെയ്യും. ഈ ആഴ്ചയോടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയോട് 55,000 ല്‍പ്പരം വോട്ടുകള്‍ക്കാണ് സിറ്റിങ് എംപിയായിരുന്ന രാഹുല്‍ പരാജയപ്പെട്ടത്. അതേസമയം വയനാട് മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു. ഇത്തവണ ഉത്തരേന്ത്യയില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാണ് ഇന്ത്യാസഖ്യത്തിന്റെ നിലപാട്.

അമേഠിക്ക് പകരം മറ്റൊരു മണ്ഡലം തിരഞ്ഞെടുത്താല്‍ പേടിച്ച് മാറുകയാണെന്ന ആക്ഷേപം ഉയരും. രാഹുല്‍ വീണ്ടും മത്സരിക്കാനെത്തുന്നതോടെ അമേഠി മണ്ഡലം തിരികെ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റമാകും റായ്ബറേലിയിലെ മത്സരം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തില്‍ വിജയപ്പിച്ച മണ്ഡലമാണ് റായ്ബറേലി. കഴിഞ്ഞ അഞ്ച് തവണയും സോണിയ ഗാന്ധിയായിരുന്നു മണ്ഡലത്തിലെ എംപി.

ഇത്തവണ ആരോഗ്യ കാരണങ്ങളാല്‍ ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്നും തനിക്ക് നല്‍കിയ പിന്തുണ തുടര്‍ന്നും വേണമെന്നും മണ്ഡലത്തിലെ വോട്ടര്‍മാരോട് സോണിയ അഭ്യര്‍ഥിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.