'സിദ്ധാര്‍ത്ഥിന്റേത് ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍; സിബിഐ അന്വേഷിക്കണം': മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

'സിദ്ധാര്‍ത്ഥിന്റേത്  ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍; സിബിഐ അന്വേഷിക്കണം':  മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി: പൂക്കോട് വെറ്റിനറി കോളജിലെ രണ്ടാം വര്‍ഷം ബിരുദ വിദ്യാര്‍ഥി ജെ.എസ് സിദ്ധാര്‍ത്ഥിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എംപി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. നടന്നത് ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡറാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ദിവസങ്ങളോളം മര്‍ദ്ദനത്തിനിരയായ സിദ്ധാര്‍ഥിന്റെ ദാരുണ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകരാണ് അക്രമികള്‍. കേരളത്തിലെ ക്യാമ്പസില്‍ ഇത്തരത്തിലൊരു സംഭവം നടക്കുന്നുവെന്നത് ഖേദകരമാണ്.

തങ്ങള്‍ക്കെതിരായ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ ചില സംഘടനകളെ അക്രമാസക്തരായ ആള്‍ക്കൂട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണെന്നും അദേഹം മുഖ്യമന്ത്രിയ്ക്കയച്ച കത്തില്‍ പറഞ്ഞു.

ശോഭനമായ ഒരു ഭാവിയുള്ള വിദ്യാര്‍ഥിയായിരുന്നു സിദ്ധാര്‍ത്ഥ്. ആ കുട്ടിയുടെ മാതാപിതാക്കളായ ജയപ്രകാശിനും ഷീബക്കും നീതി കിട്ടണം. ഒരു മകന്റെ ജീവിതം ഇതുപോലെ ഇല്ലാതാകുന്നത് കാണുന്നതിന്റെ ആഘാതവും വേദനയും കൊണ്ട് ഒരു രക്ഷിതാവിനും ജീവിക്കേണ്ടി വരരുത്. വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ ചുമതലയുള്ള ഒരു സ്ഥാപനത്തിന്റെ പരാജയം കൂടിയാണ് ഇവിടെ കാണാനാവുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് പകരം അവരെ സംരക്ഷിക്കാന്‍ സര്‍വകലാശാല അധികൃതരും നിയമ പാലകരും ശ്രമിക്കുന്നു. കേസ് മൂടി വെക്കാനും പ്രതികളെ രക്ഷപ്പെടുത്താനുമുള്ള ഈ നീക്കത്തെ അപലപിക്കുന്നു.

വ്യാപകമായ ജനരോക്ഷത്തിന് ശേഷം മാത്രമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് എന്നതിനാല്‍ തന്നെ അന്വഷണത്തിലുള്ള വിശ്വാസത്തെ ഇല്ലാതാക്കിയിട്ടുണ്ട്. പോലീസ് റിമാന്റ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിന്റെ കാര്യത്തിലും സംശയങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കാനുള്ള ധാര്‍മ്മികമായ കടമ സര്‍ക്കാരിനുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.