തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് മറ്റൊരു 'കേരള മോഡല്‍'. ഇന്ത്യയിലാദ്യമായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഒരു അധ്യാപികയെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ എത്തിച്ചിരിക്കുകയാണ് കേരളം. ഐറിസ് എന്നാണ് ഈ എഐ അധ്യാപികയുടെ പേര്. മേക്കര്‍ലാബ്സ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് വികസിപ്പിച്ച ഐറിസ് വിദ്യാഭ്യാസത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുരോഗതിയെ അടയാളപ്പെടുത്തുന്നതാണ്.
തിരുവനന്തപുരത്തെ കെടിസിടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അനാച്ഛാദനം ചെയ്ത ഐറിസ്, വിദ്യാര്‍ത്ഥികള്‍ക്ക് നൂതനമായ പഠനാ അനുഭവം വര്‍ധിപ്പിക്കുന്നതിനായി രൂപകല്‍പന ചെയ്ത ഹ്യൂമനോയിഡ് ആണ്. മേക്കര്‍ലാബ്‌സ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഐറിസിന്റെ വീഡിയോ പങ്കിട്ടത്. 'ഐആര്‍ഐഎസിനൊപ്പം വിദ്യാഭ്യാസ രംഗത്തെ വിപ്ലവം അനുഭവവേദ്യമാക്കൂ' എന്ന അടിക്കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്.
എന്‍ഐടിഐ ആയോഗ് ആരംഭിച്ച അടല്‍ ടിങ്കറിങ് ലാബ് (ATL) പ്രോജക്റ്റിന് കീഴില്‍ നിര്‍മ്മിച്ച ഐറിസ് പരമ്പരാഗത അധ്യാപന രീതികളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. മൂന്ന് ഭാഷകള്‍ സംസാരിക്കാനും സങ്കീര്‍ണമായ ചോദ്യങ്ങള്‍ കൈകാര്യം ചെയ്യാനുമുള്ള കഴിവും ഉണ്ട്. അതികൊണ്ടു തന്നെ ഐറിസ് ഓരോ വിദ്യാര്‍ത്ഥിക്കും വ്യക്തിഗത പഠനാനുഭവം സാധ്യമാക്കും. വോയ്സ് അസിസ്റ്റന്‍സ്, ഇന്ററാക്ടീവ് ലേണിങ് മൊഡ്യൂളുകള്‍, മൊബിലിറ്റി എന്നിവ ഇതിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.
മേക്കര്‍ലാബ്‌സ് ഐറിസിനെ ഒരു റോബോട്ട് എന്നതിലും ഉപരിയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ ചുറ്റുപാടുകള്‍ക്ക് അനുയോജ്യമായ ഒരു നൂതന വോയ്സ് അസിസ്റ്റന്റാണിത്. റോബോട്ടിക്സ്, ജനറേറ്റീവ് എഐ സാങ്കേതിക വിദ്യകള്‍ നല്‍കുന്ന ഐറിസ് തടസമില്ലാത്ത പ്രകടനവും പ്രതികരണ ശേഷിയും ഉറപ്പ് നല്‍കുന്നു. ഒരു ഇന്റല്‍ പ്രോസസറും കോപ്രോസസറും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇത് ആഴത്തിലുള്ള പഠനാനുഭവം ഉറപ്പാക്കുന്നതാണെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.