ഡല്‍ഹി ചലോ മാര്‍ച്ചിനിടെ കര്‍ഷകന്‍ മരിച്ച സംഭവം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ഡല്‍ഹി ചലോ മാര്‍ച്ചിനിടെ കര്‍ഷകന്‍ മരിച്ച സംഭവം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ചണ്ഡീഗഡ്: ഡല്‍ഹി ചലോ മാര്‍ച്ചിനിടെ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ആക്റ്റിങ് ചീഫ് ജസ്റ്റിസ് ജി.എസ് സന്ധവാലിയ, ജസ്റ്റിസ് ലപിത ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

വ്യക്തമായ കാരണങ്ങള്‍ ഉള്ളതിനാല്‍ അന്വേഷണം പഞ്ചാബിനോ ഹരിയാനയ്ക്കോ കൈമാറാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപീകരിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിക്കൊപ്പം പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും എഡിജിപി റാങ്കിലുള്ള ഓരോ ഉദ്യോഗസ്ഥരും സമിതിയിലുണ്ടാകും.

ഡല്‍ഹി ചലോ മാര്‍ച്ചിനിടെ ഫെബ്രുവരി 21 നാണ് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ഖനൗരിയില്‍വച്ച് കര്‍ഷകനായ ശുഭ്കരണ്‍ സിങ് കൊല്ലപ്പെട്ടത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണം.

കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തലയില്‍ വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലയോട്ടിയില്‍ രണ്ട് മുറിവുകളുണ്ട്. കൂടാതെ മെറ്റല്‍ പെല്ലറ്റുകളും കണ്ടെത്തി. വെടികൊണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ മരണം സംഭവിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

പാട്യാലയിലെ രാജേന്ദ്ര ആശുപത്രിയിലാണ് ഇദ്ദേഹം ഉള്‍പ്പെടെ പരിക്കേറ്റ മൂന്നുപേരെ പ്രവേശിപ്പിച്ചത്. ശുഭ്കരണ്‍ ആശുപത്രിയിലെത്തും മുമ്പ് മരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.