സോളാര്‍ കേസില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രന്‍; പരാജയം മണത്ത മുഖ്യമന്ത്രിയുടെ വിലകുറഞ്ഞ നീക്കമെന്ന് വി.മുരളീധരന്‍

സോളാര്‍ കേസില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രന്‍; പരാജയം മണത്ത മുഖ്യമന്ത്രിയുടെ വിലകുറഞ്ഞ നീക്കമെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം മതിയെന്നും പറഞ്ഞിരുന്ന സി.പി.എമ്മും ഇടതുപക്ഷവും നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കേസ് സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.

സോളാര്‍ വിവാദം ഉയര്‍ത്തി ഭരണത്തിലെത്തിയ ഇടതുപക്ഷം അഞ്ചുവര്‍ഷം ഭരിച്ചിട്ടും ഈ കേസില്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. പ്രഥമദൃഷ്ട്യാ തന്നെ കേസെടുക്കാന്‍ വകുപ്പുള്ള പീഡന കേസ് വരെ ഉണ്ടായിട്ടും പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇപ്പോള്‍ കേസ് സി.ബി.ഐക്ക് വിടുന്നത് രാഷ്ട്രീയ നാടകമാണ്.

യു.ഡി.എഫ്-എല്‍.ഡി.എഫ് പരസ്പര സഹകരണത്തിന്റെ പ്രത്യക്ഷ ഉദ്ദാഹരമാണ് സോളാര്‍ കേസ് അട്ടിമറി. ടി.പി വധക്കേസിലും ഇത്തരം രാഷ്ട്രീയ ധാരണയുണ്ടാക്കിയാണ് സി.പി.എം ഉന്നത നേതാക്കളെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രക്ഷിച്ചത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ തട്ടിപ്പിലും ഡോളര്‍ കടത്തിലും പെരിയ ഇരട്ടക്കൊലപാതക കേസിലും ലാവ്‌ലിന്‍ കേസിലും സി.ബി.ഐയെ എതിര്‍ക്കുന്ന സി.പി.എമ്മിന് സോളാര്‍ കേസില്‍ സി.ബി.ഐ വേണമെന്നത് വിചിത്രമാണ്.

ഇതോടെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് വെറും രാഷ്ട്രീയമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി കഴിഞ്ഞു. കേരളത്തെ ഞെട്ടിച്ച അഴിമതിയും സ്ത്രീ പീഡനവും ഉള്‍പ്പെട്ട സോളാര്‍ കേസ് അട്ടിമറിച്ചത് പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അഞ്ച് വര്‍ഷം സോളാര്‍ കേസിലെ കുറ്റകാര്‍ക്കെതിരെ ചെറുവിരല്‍ അനക്കാതിരുന്ന ഇടത് സര്‍ക്കാര്‍ ഇപ്പോള്‍ കേസ് സിബിഐക്ക് വിട്ടത് ജനങ്ങളെ കബളിപ്പിക്കാനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. അഞ്ച് വര്‍ഷം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്.

സ്വര്‍ണക്കടത്തിലും ലൈഫ് മിഷന്‍ ക്രമക്കേടിലും പ്രതിച്ഛായ നഷ്ടപ്പെട്ടതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം മണത്ത മുഖ്യമന്ത്രിയുടെ വിലകുറഞ്ഞ രാഷ്ട്രീയ നീക്കമാണ് ഇപ്പോഴത്തേത്. യു.ഡി.എഫുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് സോളാറില്‍ ജുഡീഷ്യല്‍ അന്വേഷണം മതിയെന്ന നിലപാട് സര്‍ക്കാര്‍ എടുത്തത്. പെട്ടെന്നുണ്ടായ വീണ്ടു വിചാരത്തിന് പിന്നിലെ താത്പര്യം കേരളത്തിലെ ജനങ്ങള്‍ മനസിലാക്കും.

സംസ്ഥാനം ആവശ്യപ്പെട്ടാല്‍ മാത്രം സിബിഐ അന്വേഷണം മതിയെന്ന നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ ലൈഫ് മിഷനിലും സ്വര്‍ണ്ണക്കടത്തിലും പെരിയ ഇരട്ടക്കൊല കേസിലും സിബിഐ അന്വേഷണത്തെ എതിര്‍ത്തത് ആരും മറന്നിട്ടില്ല. സിബിഐ അന്വേഷണത്തോടുള്ള സര്‍ക്കാരിന്റെ ഇരട്ടതാപ്പ് മറനീക്കി പുറത്ത് വരുന്നതാണ് സോളാര്‍ കേസിലെടുത്ത സമീപനമെന്നും വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.