കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കേസിലെ പ്രധാന പ്രതി സിന്‍ജോ ജോണ്‍സണ്‍ തന്റെ കരാട്ടെയിലുള്ള മികവാണ് സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിക്കാനായി പുറത്തെടുത്തത്. കരാട്ടെ ബ്ലാക്ക് ബെല്‍റ്റായ സിന്‍ജോ ഒറ്റച്ചവിട്ടിന് സിദ്ധാര്‍ത്ഥിനെ താഴെയിട്ടു. കൈവിരലുകള്‍ കൊണ്ട് കണ്ഠനാളം അമര്‍ത്തി. ഇതാണ് വെള്ളം പോലും ഇറക്കാനാകാത്ത നിലയിലെത്തിച്ചത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സിദ്ധാര്‍ത്ഥന്‍ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നു. ഇത് ശരിവെക്കുന്ന മൊഴി ദൃക്‌സാക്ഷികളായ വിദ്യാര്‍ഥികളും നല്‍കിയിട്ടുണ്ട്. മര്‍മ്മം നന്നായി അറിയാവുന്ന സിന്‍ജോ ദേഹത്ത് തള്ളവിരല്‍ പ്രയോഗവും നടത്തി. ആള്‍ക്കൂട്ട വിചാരണ പ്ലാന്‍ ചെയ്തതും നടപ്പാക്കിയതും പിന്നീട് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയതും സിന്‍ജോയാണെന്നാണ് മൊഴിയില്‍ പറയുന്നത്. ഇയാള്‍ക്കൊപ്പം മറ്റൊരു പ്രതിയായ കാശിനാഥന്‍ സിദ്ധാര്‍ത്ഥനെ ബെല്‍റ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു.
സൈക്കോയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കാശിനാഥന്‍ മനോനില തെറ്റിയവരെ പോലെയാണ് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചത്. കേസില്‍ മുഖ്യപ്രതി സിന്‍ജോ ജോണ്‍ ഉള്‍പ്പെടെ 18 പ്രതികളും പിടിയിലായിരുന്നു.
സിദ്ധാര്‍ഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുന്‍പുതന്നെ അഴിച്ചുമാറ്റിയിരുന്നു. പ്രതികള്‍ തന്നെയാണ് മൃതദേഹം അഴിച്ചുമാറ്റിയത്. ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടാതെ സിദ്ധാര്‍ത്ഥന്റെ ഫോണും പ്രതികളുടെ കൈവശമായിരുന്നു. ക്രൂരമായ ആക്രമണത്തിന് ശേഷം പ്രതികള്‍ ഫോണ്‍ പിടിച്ചു വെക്കുകയായിരുന്നു. 18 ന് രാവിലെയാണ് സിദ്ധാര്‍ത്ഥിന് ഫോണ്‍ തിരികെ നല്‍കിയതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം മരണം നടന്ന ദിവസം ഉച്ചമുതല്‍ കേരള വെറ്ററിനറി സര്‍വകലാശാല വിസി ഡോ. എം.ആര്‍ ശശീന്ദ്രനാഥ് ക്യാംപസിലുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. സിദ്ധാര്‍ഥ് മരിച്ചത് അറിഞ്ഞിട്ടും അക്കാര്യം അന്വേഷിക്കാന്‍ വിസി തയാറായില്ല. ഈ സമയവും വിസി മാനേജ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിമുഖങ്ങള്‍ നടത്തുകയായിരുന്നു. ഇതിന് ശേഷം ഫെബ്രുവരി 21 നാണ് വിസി ക്യാമ്പസ് വിട്ടതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വിസിയെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സര്‍വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. മൂന്ന് ദിവസം തുടര്‍ച്ചയായി വിദ്യാര്‍ത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെയായിരുന്നു എന്നും ഗവര്‍ണര്‍ പറയുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് നീക്കം തുടങ്ങിയെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.