മദർ തെരേസ, ബകിത തുടങ്ങിയ സ്ത്രീകൾ ജീവിതം കൊണ്ട് വിശുദ്ധിക്ക് സാക്ഷ്യം നൽകി; സഭയ്ക്കും സമൂഹത്തിനുമുള്ള സ്ത്രീകളുടെ പ്രാധാന്യം എടുത്ത് പറഞ്ഞ് മാർപാപ്പ

മദർ തെരേസ, ബകിത തുടങ്ങിയ സ്ത്രീകൾ ജീവിതം കൊണ്ട് വിശുദ്ധിക്ക് സാക്ഷ്യം നൽകി; സഭയ്ക്കും സമൂഹത്തിനുമുള്ള സ്ത്രീകളുടെ പ്രാധാന്യം എടുത്ത് പറഞ്ഞ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ലോകത്ത് വിശുദ്ധിക്ക് സാക്ഷ്യം നൽകിയ മദർ തെരേസ, ബകിത തുടങ്ങി പത്ത് വിശുദ്ധകളുടെ പേരെടുത്ത് പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. സാമൂഹിക, സഭാ രംഗങ്ങളിൽ സ്ത്രീകൾക്ക് വലിയ പങ്കില്ലാതിരുന്ന സാഹചര്യത്തിൽ പോലും ലോകത്ത് നിരവധി സ്ത്രീകൾ തങ്ങളുടെ ജീവിതം കൊണ്ട് വിശുദ്ധിക്ക് സാക്ഷ്യം നൽകിയെന്ന് പാപ്പ പറഞ്ഞു.

"സ്ത്രീകൾ സഭയിൽ: മനുഷ്യന്റെ ശില്പികൾ" എന്ന പേരിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്തവരെ സ്വീകരിച്ച് സംസാരിക്കവേയാണ് മാർപാപ്പയുടെ പ്രസ്താവന. സ്ത്രീകളുടെ ആഗോള ദിനവുമായി ബന്ധപ്പെട്ട് പൊന്തിഫിക്കൽ ഉർബാനിയൻ യൂണിവേഴ്സിറ്റിയാണ് സമ്മേളനം വിളിച്ചുകൂട്ടിയത്.

സ്ത്രീകൾക്ക് ഇന്നത്തെ ലോകത്തിന് ആർദ്രതയോടെയുള്ള പെരുമാറ്റത്തിന്റെ ശൈലി പകർന്ന് കൊടുക്കാൻ സാധിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കാരുണ്യത്തിന്റെയും, സേവനത്തിന്റെയും ശൈലിയിലൂടെ സ്നേഹിക്കുകയും ഒരുമിപ്പിക്കുകയും ചെയ്യുന്ന വ്യക്തിത്വങ്ങളാകാൻ സ്ത്രീകൾക്ക് സാധിക്കുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു
ജീവന്റെയും, പൊതുനന്മയുടെയും സമാധാനത്തിന്റെയും സേവനത്തിലൂടെ സൃഷ്ടാവിന്റെ സഹകാരിണികളാകാൻ വിളിക്കപ്പെട്ടവരാണ് സ്ത്രീകൾ.

ഇന്നത്തെ ലോകത്തും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും, പീഡനങ്ങളും, അസമത്വങ്ങളും, അനീതികളും നിലനിൽക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഒരു സ്ത്രീയിൽ നിന്ന് ജന്മമെടുത്ത ദൈവത്തിൽ വിശ്വസിക്കുന്ന ജനതയ്ക്ക് ഒരു അപകീർത്തിയാണിതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. മാനവികതയുടെ പുരോഗതിയ്ക്കായി പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു.

സഭ സ്ത്രീയാണെന്ന് പറഞ്ഞ പാപ്പാ അവൾ മകളും ഭാര്യയും അമ്മയുമാണെന്നും സഭയ്ക്ക് ഇന്ന് ഇത്തരം ആളുകളെ ആവശ്യമുണ്ടന്നും പറഞ്ഞു. ദൈവജനങ്ങൾക്കിടയിൽ സ്ത്രീകൾ കൂടുതൽ വിലമതിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനായി പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ എടുത്തു പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.