കെ.സുധാകരന്‍ മത്സരിക്കുന്നതിനാല്‍ കെപിസിസി പ്രസിഡന്റിന്റെ താര്‍ക്കാലിക ചുമതല എം.എം ഹസന്.
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കെ. കരുണാകരന്റെ തട്ടകമായ തൃശൂരില്‍ മകന്‍ കെ.മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകും. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലാണ് മുരളിക്ക് പകരം വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.
രാഹുല്‍ ഗാന്ധി വയനാട്ടിലും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കണ്ണൂരിലും തന്നെ ജനവിധി തേടും. ആലപ്പുഴ തിരിച്ചു പിടിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്തിറങ്ങും. കെ.സുധാകരന്‍ സ്ഥാനാര്‍ത്ഥിയായ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ ഏറ്റെടുക്കും.
കെപിസിസി നിര്‍വാഹക സമിതി യോഗത്തിന് ശേഷം തയാറാക്കിയ പട്ടികയില്‍ ഹൈക്കമാന്‍ഡ് അവസാന നിമിഷം മാറ്റം വരുത്തുകയായിരുന്നു. പത്മജാ വേണുഗോപാല്‍ പാര്‍ട്ടി വിട്ടതിന്റെ ക്ഷീണം മായ്ക്കാനാണ് ഹൈക്കമാന്‍ഡ് 'സര്‍പ്രൈസ്' മാറ്റങ്ങള്‍ വരുത്തിയതെന്നാണ് വിവരം.
മറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍:
തിരുവനന്തപുരം - ശശി തരൂര്‍
ആറ്റിങ്ങല്‍ - അടൂര്‍ പ്രകാശ്
മാവേലിക്കര - കൊടിക്കുന്നില്‍ സുരേഷ്
പത്തനംതിട്ട - ആന്റോ ആന്റണി
എറണാകുളം - ഹൈബി ഈഡന്‍
ഇടുക്കി - ഡീന്‍ കുര്യാക്കോസ്
ചാലക്കുടി - ബെന്നി ബഹ്നാന്‍
ആലത്തൂര്‍ - രമ്യ ഹരിദാസ്
പാലക്കാട് - വി.കെ ശ്രീകണ്ഠന്‍
കോഴിക്കോട് - എം.കെ രാഘവന്‍
കാസര്‍കോഡ് - രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
വടകരയില്‍ അങ്കത്തിനിറക്കാനുള്ള ഹൈക്കമാന്‍ഡിന്റെ അപ്രതീക്ഷിത തീരുമാനത്തില്‍ ഷാഫി പറമ്പില്‍ ആദ്യം അതൃപ്തി അറിയിച്ചിരുന്നെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. വടകര നിലനിര്‍ത്താന്‍ ഊര്‍ജസ്വലനായ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ഷാഫിയെ പരിഗണിച്ചതെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയത്.
നേരത്തേ പ്രഖ്യാപിച്ച പ്രകാരം യുഡിഎഫ് ഘടക കക്ഷിയായ മുസ്ലീം ലീഗിന്റെ ഇ.ടി മുഹമ്മദ് ബഷീര്‍ മലപ്പുറത്തും അബ്ദുള്‍ സമദ് സമദാനി പൊന്നാനിയിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയായി ഫ്രാന്‍സിസ് ജോര്‍ജ് കോട്ടയത്തും ആര്‍എസ്പിയിലെ എന്‍.കെ പ്രേമചന്ദ്രന്‍ കൊല്ലത്തും ജനവിധി തേടും.
ഇടത് മുന്നണിയില്‍ സിപിഎമ്മും സിപിഐയും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും തങ്ങളുടെ സ്ഥാനാര്‍ഥികളെ നേരത്തേ തന്നെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടന്നു കഴിഞ്ഞു. ബിജെപി 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ശേഷിച്ച സീറ്റുകളിലെ സ്ഥാനാര്‍ഥികളെ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
കേരളം കൂടാതെ ഛത്തിസ്ഗഡ്, കര്‍ണാടക, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, തെലങ്കാന, ത്രിപുര, എന്നീ സംസ്ഥാനങ്ങളിലായി 39 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.