പിആര്‍എസ് ലഭ്യമായാല്‍ 15 ദിവസത്തിനകം തുക; കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഘട്ടം ഘട്ടമായി പരിഹാരം കാണുമെന്ന് ജി.ആര്‍ അനില്‍

പിആര്‍എസ് ലഭ്യമായാല്‍ 15 ദിവസത്തിനകം തുക; കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഘട്ടം ഘട്ടമായി പരിഹാരം കാണുമെന്ന് ജി.ആര്‍ അനില്‍

പാലക്കാട്: നെല്ല് സംഭരിച്ച് കര്‍ഷകര്‍ക്ക് സപ്ലൈകോ പാഡി റിസീപ്റ്റ് ഷീറ്റ് (പിആര്‍എസ്) ലഭ്യമായാല്‍ 15 ദിവസത്തിനകം സംഭരണ തുക നല്‍കാന്‍ നടപടിയെടുക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്തി ജി.ആര്‍ അനില്‍. പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ കര്‍ഷക പ്രതിനിധികളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഘട്ടം ഘട്ടമായി പരിഹാരം കാണും. അടുത്ത വിള സീസണില്‍ നെല്ല് സംഭരണം, തുക വിതരണം തുടങ്ങി എല്ലാ മേഖലയെയും ബന്ധിപ്പിച്ച് കുറ്റമറ്റ സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സീസണില്‍ ഭൂമിയുടെയും തൂക്കത്തിന്റെയും പരിധിയില്ലാതെ നെല്ല് സംഭരണം ഉറപ്പാക്കും. കൂടാതെ നെല്ല് സംഭരണത്തിലെ കാലതാമസം ഒഴിവാക്കും. ഉഴവുകൂലി അടക്കമുള്ള ആനുകൂല്യങ്ങള്‍ മറ്റു വകുപ്പുകളുടെ പിന്തുണയോടെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു.

പിആര്‍എസ് സംബന്ധിച്ച കാലതാമസം ഒഴിവാക്കാന്‍ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയും കൃഷിഭവന്‍, മില്ല്, ബാങ്ക് തുടങ്ങിയവയെ ബന്ധിപ്പിച്ചും സ്ഥായിയായ പരിഹാരത്തിന് ആലോചന നടക്കുന്നുണ്ട്. ബാങ്കുകളില്‍ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കാന്‍ സംവിധാനം ഒരുക്കും. അതോടൊപ്പം സംഭരണം, ബാങ്കിങ് നടപടികള്‍, തുക വിതരണം തുടങ്ങിയവയില്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് ബാങ്കുകളുടെ പ്രതിനിധിയും സപ്ലൈകോ പ്രതിനിധിയും ഉള്‍പ്പെടുത്തി മൂന്നംഗ സമിതി രൂപീകരിക്കും.

2022-23 വര്‍ഷത്തില്‍ പല കാരണങ്ങളാല്‍ നെല്ലിന്റെ തുക കൈപ്പറ്റാത്ത കര്‍ഷകരുണ്ട്. മരണം, 18 വയസ് പൂര്‍ത്തിയാകാത്തവര്‍, എന്‍ആര്‍ഐ തുടങ്ങിയ കാരണങ്ങളാല്‍ പിആര്‍എസ് എടുക്കാന്‍ സാധിക്കാത്ത അവസ്ഥയുള്ളവര്‍ക്ക് സപ്ലൈകോ നേരിട്ട് തുക നല്‍കും. മറ്റുള്ളവര്‍ പിആര്‍എസ് എടുക്കാന്‍ തയ്യാറായാല്‍ ഉടന്‍ പണം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. പിആര്‍എസ് എടുക്കില്ലെന്ന നിലപാട് മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നെല്ല് സംഭരണം, തുക ലഭിക്കുന്നതിനുള്ള കാലതാമസം, ജലലഭ്യത, ഇടനിലക്കാരുടെ ചൂഷണം, ബാങ്കിങ് ബുദ്ധിമുട്ടുകള്‍, ഉല്‍പാദന ചെലവിന് അനുപാതികമായി സംഭരണ തുക വര്‍ധിപ്പിക്കല്‍, കയറ്റുകൂലി തുടങ്ങിയ വിഷയങ്ങളാണ് കര്‍ഷക പ്രതിനിധികള്‍ ഉന്നയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.