ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അപ്രതീക്ഷിത രാജി. അരുണ്‍ ഗോയലിന്റെ രാജി പ്രസിഡന്റ് ദ്രൗപതി മുര്‍മു സ്വീകരിച്ചു. ഇതോടെ കമ്മീഷന്‍ പാനലില്‍ ഒഴിവുകളുടെ എണ്ണം രണ്ടായി.
2027 വരെ കാലാവധി ഉള്ള സാഹചര്യത്തിലാണ് രാജി. മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിലവില്‍ രണ്ടംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അരുണ്‍ ഗോയല്‍ രാജിവച്ചതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ മാത്രമായി. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു. തിരഞ്ഞടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി മറ്റന്നാള്‍ ജമ്മു കാശ്മീരില്‍ സന്ദര്‍ശനം നടത്താനിരിക്കെയായിരുന്നു അദേഹം.
രാജിയുടെ കാരണം ഇതുവരെ വ്യക്തമല്ല. കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഗോയലിനെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. അതേസമയം ആരോഗ്യം അടക്കം വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമായി ഗോയല്‍ ചൂണ്ടിക്കാട്ടിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. അടുത്തയാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുങ്ങുന്നതിനിടെ രാജി വയ്ക്കുന്നത് ഒഴിവാക്കാന്‍ ഉന്നത തലത്തില്‍ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും ഗോയല്‍ വഴങ്ങിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമായി അദേഹത്തിന് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
നിയമനത്തിലെ വിവാദം
1985 ബാച്ച് പഞ്ചാബ് ഐഎഎസ് കേഡര്‍ ഉദ്യോഗസ്ഥനായ അരുണ്‍ ഗോയല്‍ 2022 നവംബര്‍ 18 ന് സ്വയം വിരമിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കപ്പെടുന്നത്. നിയമനത്തെ സന്നദ്ധ സംഘടന എഡിആര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. തിടുക്കത്തിലുള്ള നിയമനത്തില്‍ സംശയം പ്രകടിപ്പിച്ചെങ്കിലും സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഹര്‍ജി തള്ളി. വിഷയം പരിഗണിച്ച ഭരണഘടനാ ബെഞ്ചും നിയമനം റദാക്കാന്‍ വിസമ്മതിച്ചു.
അതേസമയം അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത രാജി ആശങ്കജനകമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.