ബാങ്കുകള്‍ക്ക് ഇനി എല്ലാ ശനിയാഴ്ചയും അവധി; ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന്റേയും റിസര്‍വ് ബാങ്കിന്റേയും പരിഗണനയില്‍

ബാങ്കുകള്‍ക്ക് ഇനി എല്ലാ ശനിയാഴ്ചയും അവധി; ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന്റേയും റിസര്‍വ് ബാങ്കിന്റേയും പരിഗണനയില്‍

ന്യൂഡല്‍ഹി: ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കാന്‍ ശുപാര്‍ശ. കേന്ദ്ര സര്‍ക്കാരിന്റേയും റിസര്‍വ് ബാങ്കിന്റേയും അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തില്‍ വരും.

ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം കൂട്ടാന്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളുമായി ഒപ്പിട്ട ഉഭയകക്ഷി കരാറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവില്‍ ഒന്നും മൂന്നും ശനിയാഴ്ചകള്‍ ബാങ്കുകള്‍ക്ക് പ്രവൃത്തി ദിനമാണ്.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, റിസര്‍വ് ബാങ്ക്, എല്‍ഐസി എന്നിവയെപ്പോലെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി വേണമെന്നത് ജീവനക്കാരുടെ ദീര്‍ഘ കാലമായുള്ള ആവശ്യമാണ്. എന്നാല്‍ ഇത് നടപ്പാക്കുമ്പോള്‍ മറ്റ് ദിവസങ്ങളില്‍ പ്രവൃത്തി സമയം 45 മിനിറ്റ് കൂട്ടുന്നതാണ് പരിഗണനയില്‍ ഉള്ളത്. നിലവില്‍ 15 ലക്ഷത്തില്‍പ്പരം ജീവനക്കാരാണ് ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുന്നത്.

അവധി നല്‍കാന്‍ ധാരണ ആയെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

അവധികളുമായി ബന്ധപ്പെട്ടുള്ള മറ്റു പുതിയ വ്യവസ്ഥകള്‍

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ വനിതാ ജീവനക്കാര്‍ക്ക് മാസത്തിലൊരു സിക്ക് ലീവ് എടുക്കാം.

റിട്ടയര്‍മെന്റ് സമയത്ത് ലീവ് എന്‍കാഷ്‌മെന്റ് 240 ദിവസമായിരുന്നത് 255 ആയി വര്‍ധിപ്പിച്ചു.

ഏക രക്ഷിതാവായ പുരുഷന്മാര്‍ക്ക് എട്ട് വയസുവരെയുള്ള മക്കളുടെ അസുഖങ്ങള്‍ക്ക് സിക്ക് ലീവ് ലഭിക്കും.

കൃത്രിമ ഗര്‍ഭധാരണ ചികിത്സയ്ക്ക് (ഐവിഎഫ്) മറ്റേണിറ്റി അവധി ഉപയോഗിക്കാം.

ഒറ്റ പ്രസവത്തില്‍ രണ്ടിലധികം കുട്ടികളുണ്ടായാല്‍ 12 മാസം വരെ മറ്റേണിറ്റി അവധി.

പ്രസവം കഴിഞ്ഞ് 28 ദിവസത്തിനുള്ളില്‍ നവജാത ശിശു മരിച്ചാല്‍ 60 ദിവസം വരെ പ്രത്യേക മറ്റേണിറ്റി അവധി.

58 വയസിന് മുകളിലുള്ളവര്‍ക്ക് ജീവിത പങ്കാളിയുടെ ആശുപത്രി ചികിത്സയ്ക്ക് 30 ദിവസം വരെ സിക്ക് ലീവ്.

15 വയസില്‍ താഴെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയ്ക്കായി ഓരോ വര്‍ഷവും 10 ദിവസം വരെ അവധി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.