ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിച്ചു. സിംഗുവില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ ഇടിച്ച് തകര്‍ത്ത് മറികടന്നു. പൊലീസ് നിര്‍ത്തിയിട്ട ട്രക്കുകളും കര്‍ഷകര്‍ മാറ്റി. ആയിര കണക്കിന് കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നതിനായി ഇപ്പോഴും ഡല്‍ഹിയിലേക്ക് എത്തുന്നത്.
റിപ്പബ്ലിക്ക് ദിന പരേഡിന് ശേഷം റാലി നടത്താനാണ് അനുമതി നല്‍കിയതെങ്കിലും നേരത്തെ നിശ്ചയിച്ചിരുന്ന സമയത്തിനും മുമ്പ് കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. രാജ്യ തലസ്ഥാനമൊട്ടാകെ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പ്രധാന അതിര്‍ത്തികളെല്ലാം പൊലീസ് ബാരിക്കേഡുകള്‍ വച്ച് തടഞ്ഞിട്ടുണ്ട്.
അതിനിടെ പഞ്ചാബില്‍ നിന്ന് കുതിരപ്പടയടക്കം റാലിയില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. അയ്യായിരം ട്രാക്ടറുകള്‍ക്കാണ് റാലിയില്‍ പൊലീസ് അനുമതി.എന്നാല്‍ രണ്ട് ലക്ഷം ട്രാക്ടറുകള്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് കര്‍ഷകരുടെ അവകാശവാദം. റാലിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ പ്രവാഹമാണ്.
ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ കര്‍ഷക സംഘടനകളും പൊലീസും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊലീസുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ഷക സംഘടനകള്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും തുടക്കത്തിലെ അതെല്ലാം പാളുന്ന കാഴ്ചയാണ് ഡല്‍ഹിയില്‍ കാണുന്നത്.
ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തുന്നത്. ഡല്‍ഹി പൊലീസ് മൂന്ന് റൂട്ടുകളും പരിശോധിക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് റാലിയില്‍ അണിചേരുന്നത്. രാജ്യചരിത്രത്തില്‍ ആദ്യമായാണ് റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.