മുംബൈ: മുംബൈ ശിവാജി പാര്‍ക്കില്‍ മാര്‍ച്ച് 17 ന് നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന റാലി പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്. റാലിയോടനുബന്ധിച്ചുള്ള സമ്മേളനത്തിന് ഇന്ത്യാ മുന്നണിയിലെ നേതാക്കളെ എല്ലാവരേയും എത്തിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
രാജ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ എല്ലാവരും എത്തുന്ന സമ്മേളനത്തിലേക്ക് പ്രതിപക്ഷ കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ഇന്ത്യാ മുന്നണിയിലെ മറ്റ് പാര്‍ട്ടി അധ്യക്ഷന്‍മാരേയും ക്ഷണിക്കും.
പ്രതിപക്ഷത്തിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി യാത്രയുടെ സമാപന സമ്മേളനത്തെ മാറ്റുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ശിവാജി പാര്‍ക്കില്‍ നടക്കുന്ന സമാപന റാലി സമീപകാലത്തെ ഏറ്റവും വലിയ റാലിയായിരിക്കുമെന്നും എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ക്കും ഇന്ത്യന്‍ മുന്നണിയിലെ പാര്‍ട്ടി മേധാവികള്‍ക്കും ക്ഷണങ്ങള്‍ അയച്ചിട്ടുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും തമിഴ്നാട്, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാരും ഇന്ത്യാ മുന്നണിയിലെ എല്ലാ അംഗങ്ങളുടെയും അധ്യക്ഷന്‍മാരും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
യാത്രയുടെ സമാപന ഏകോപനത്തിനും റാലിക്കുമായി കോണ്‍ഗ്രസ് രണ്ട് കമ്മിറ്റികള്‍ രൂപീകരിച്ചു. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ യാത്രയുടെ ഏകോപന സമിതി അധ്യക്ഷനാകും.
നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാര്‍ പൊതു റാലി കോര്‍ഡിനേഷന്‍ പാനലിനെ നയിക്കും. മാര്‍ച്ച് 12 ന് നന്ദുര്‍ബാര്‍ ജില്ലയിലൂടെ മഹാരാഷ്ട്രയില്‍ പ്രവേശിക്കുന്ന യാത്ര ധൂലെ, നാസിക്, പാല്‍ഘര്‍, താനെ ജില്ലകളിലൂടെ മാര്‍ച്ച് 17 ന് മുംബൈയില്‍ എത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.