ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 15 ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.
മൂന്നംഗ കമ്മീഷനില്‍ അരുണ്‍ ഗോയലിന് മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷണറായ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു. എന്നാല്‍ പകരം ആരെയും നിയമിച്ചിരുന്നില്ല. രണ്ടംഗങ്ങള്‍ മാത്രം കമ്മീഷനില്‍ തുടരുമ്പോഴാണ് അരുണ്‍ ഗോയലിന്റെയും രാജിയുണ്ടായത്.
ഇതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് അശേഷിക്കുന്ന അംഗം. അതിനിടെ അരുണ്‍ ഗോയലിന്റെ രാജിയില്‍ വിവാദം പുകയുകയാണ്. ഏത് സാഹചര്യത്തിലാണ് അരുണ്‍ ഗോയല്‍ രാജിവെച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷര്‍ രാജീവ് കുമാറുമായി വിവിധ വിഷയങ്ങളിലുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് പിന്നിലെന്നാണ് വിവരം.
ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ നല്‍കുന്നതില്‍ എസ്ബിഐ സുപ്രീം കോടതിയില്‍ സമയം നീട്ടി ചോദിച്ചത്, ബംഗാളിലെ കേന്ദ്ര സേനയുടെ വിന്യാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ബംഗാളില്‍ മാര്‍ച്ച് നാല്, അഞ്ച് തിയതികളില്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ചര്‍ച്ചകളില്‍ പങ്കെടുത്തെങ്കിലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി ചേര്‍ന്നുള്ള വാര്‍ത്താ സമ്മേളനത്തിന് അരുണ്‍ ഗോയല്‍ പങ്കെടുത്തിരുന്നില്ല. പിന്നാലെയാണ് രാജി സമര്‍പ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.