വത്തിക്കാൻ സിറ്റി: നമ്മിൽ ഒരുവൻ പോലും നഷ്ടപ്പെട്ടുപോകാൻ ദൈവം ആഗ്രഹിക്കുന്നില്ലെന്നും പകരം, സ്നേഹപൂർവ്വം ആശ്ലേഷിച്ചുകൊണ്ട് നമ്മെ രക്ഷിക്കാനാണ് അവിടുന്ന് ആഗ്രഹിക്കുന്നതെന്നും ഫ്രാൻസിസ് പാപ്പാ. അതിനാൽതന്നെ, നമ്മെ പരീക്ഷണ വിധേയമാക്കി കുറ്റവിചാരണ നടത്താൻ അവിടുന്ന് ആഗ്രഹിക്കുന്നില്ല - പാപ്പ കൂട്ടിച്ചേർത്തു.
ഞായറാഴ്ച ത്രികാലജപ പ്രാർത്ഥനക്കായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒരുമിച്ചു കൂടിയ വിശ്വാസികളെയും തീർത്ഥാടകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. പാപങ്ങളുടെയും തെറ്റുകുറ്റങ്ങളുടെയും ഭാരത്താൽ നാം വലയുമ്പോഴും, നമ്മെ ആശ്വസിപ്പിക്കാനും രക്ഷിക്കാനും യേശു എപ്പോഴും തയ്യാറാണ് - പാപ്പ പറഞ്ഞു.
യോഹന്നാൻ്റെ സുവിശേഷത്തിൽ, നിക്കൊദേമോസ് യേശുവിനെ സന്ദർശിക്കുന്ന സംഭവവിവരണത്തിൽനിന്ന് (യോഹന്നാൻ 3: 14-21) പ്രചോദനമുൾക്കൊണ്ടുകൊണ്ടാണ് പരിശുദ്ധ പിതാവ് നോമ്പുകാലത്തെ നാലാം ഞായറാഴ്ചയായ ഇന്നലെ വചനസന്ദേശം നൽകിയത്.
യേശു വന്നത് ശിക്ഷ വിധിക്കാനല്ല, രക്ഷിക്കാനാണ്
യേശു ചെയ്ത അടയാളങ്ങൾ കാണുകയും തന്മൂലം ദൈവത്താൽ അയക്കപ്പെട്ട ഒരു ഗുരുവായി അവിടുത്തെ അംഗീകരിക്കുകയും ചെയ്തിരുന്നെങ്കിലും, മറ്റാരും കാണാതിരിക്കാനാണ് ഫരിസേയനായ നിക്കൊദേമോസ് യേശുവിനെ സന്ദർശിക്കാൻ രാത്രിയുടെ മറവിൽ എത്തിയത്. എന്നാൽ കർത്താവ് അവനെ സ്വാഗതം ചെയ്ത് അവരോട് സംസാരിച്ചു. മനുഷ്യരെ കുറ്റം വിധിക്കാനല്ല പ്രത്യുത, രക്ഷിക്കാനാണ് താൻ വന്നിരിക്കുന്നതെന്ന കാര്യം യേശു അവനോട് വെളിപ്പെടുത്തി.
'അതെ, യേശു വന്നത് നമ്മെ കുറ്റം വിധിക്കാനല്ല പിന്നെയോ, രക്ഷിക്കാനാണ്, മനോഹരമായ ഇക്കാര്യം നമുക്ക് ധ്യാനവിഷയമാക്കാം' - പരിശുദ്ധ പിതാവ് പറഞ്ഞു. ആരും പൂർണ്ണരല്ല, നാം ഏവരും പാപികളാണ്. എങ്കിലും ദൈവത്തിന്റെ അവിശ്വസനീയമായ സ്നേഹം ഇതുമൂലം തടസ്സപ്പെടുന്നില്ല - മാർപാപ്പ അനുസ്മരിച്ചു.
ദൈവത്തിന്റെ ആശ്ലേഷം
കർത്താവിന്റെ മുമ്പിൽ യാതൊരു രഹസ്യങ്ങളുമില്ല. എങ്കിലും, അവിടുന്ന് ഒരിക്കലും നമ്മുടെ നേരെ വിരൽ ചൂണ്ടുന്നില്ല. പകരം, നമ്മുടെ ജീവിതങ്ങളെ ആശ്ലേഷിച്ച്, പാപത്തിൽ നിന്നും വിടുവിച്ച്, നമ്മെ രക്ഷിക്കാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. നമ്മെ പരീക്ഷണ വിധേയരാക്കി ശിക്ഷിക്കണമെന്ന് യേശു ഒരിക്കലും ആഗ്രഹിക്കുന്നില്ല. മറിച്ച്, ഒരുവൻ പോലും നഷ്ടപ്പെട്ടു പോകരുത് എന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.
മറ്റുള്ളവരെ കുറ്റം വിധിച്ചതിനെയും അവരെപ്പറ്റി പരദൂഷണം പറഞ്ഞതിനെയും കുറിച്ച് ആത്മശോധന ചെയ്യാൻ മാർപാപ്പ എല്ലാവരോടും ആവശ്യപ്പെട്ടു. മേലിൽ, ക്രിസ്തുവിനെപ്പോലെ മറ്റുള്ളവരെ കരുണയോടെ വീക്ഷിക്കുമെന്ന് തീരുമാനമെടുക്കാൻ പരിശുദ്ധ പിതാവ് ഏവരെയും ഉദ്ബോധിപ്പിച്ചു.
കർത്താവിൻ്റെ കൃപയാൽ മാനസാന്തരം
നമ്മുടെ നേരെയുള്ള കർത്താവിന്റെ നോട്ടം, കണ്ണഞ്ചിപ്പിച്ച്, നമ്മെ ബുദ്ധിമുട്ടിലാക്കുന്നവിധമുള്ള ഒരു ദീപസ്തംഭമല്ല, മറിച്ച് നമ്മുടെ ഉള്ളിലുള്ള നന്മ കാണുന്നതിനും തിന്മ തിരിച്ചറിയുന്നതിനും നമ്മെ സഹായിക്കുന്നതിനുള്ള സൗഹാർദ്ദപരവും ശാന്തവുമായ പ്രകാശമാണ്. അവിടുത്തെ കൃപയാൽ, അത് നമുക്ക് ഹൃദയപരിവർത്തനവും സൗഖ്യവും പകർന്നുതരുന്നു - പപ്പാ പറഞ്ഞു.
അവസാനമായി, നമ്മോടുള്ള ദൈവസ്നേഹത്തെ അനുകരിച്ച് നാം മറ്റുള്ളവരെ സ്നേഹിക്കണമെന്ന് ഫ്രാൻസിസ് പാപ്പ വിശ്വാസികളോട് അഭ്യർത്ഥിച്ചു. അന്യോന്യം നന്മ കാംക്ഷിക്കാനുള്ള അനുഗ്രഹത്തിനായി പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം യാചിക്കുകയും ചെയ്ത് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.