'നിക്ഷിപ്ത താത്പര്യങ്ങളുള്ള ഒരു സര്‍ക്കാര്‍ നമ്മുടെ ശുശ്രൂഷകളുടെ നിയന്ത്രണം വരെ ഏറ്റെടുക്കുന്ന വിധം നടത്തുന്ന നീക്കങ്ങളെക്കുറിച്ച് നാം എത്രമാത്രം അറിവുള്ളവരാണ്? ന്യൂനപക്ഷങ്ങളെ നിരന്തരം ഭീതിയിലാഴ്ത്തിക്കൊണ്ട് ഭൂരിപക്ഷ മത വിഭാഗത്തിന് സവിശേഷമായ അധികാരാവകാശങ്ങള്‍ ഉറപ്പാക്കുന്നതിലാണ് മോഡിയുടെ വിജയം. സൗകര്യപൂര്‍വം നിഷ്പക്ഷത പാലിക്കുന്ന ദിനങ്ങളുടെ കാലം കഴിഞ്ഞു. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ നാം എടുക്കേണ്ടതുണ്ട്'.
കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപിക്കും രൂക്ഷ വിമര്‍ശനം. ഫാ.സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്: ഇന്ത്യയിലെ ക്രിസ്ത്യന്‍ മിഷന് നല്‍കുന്ന സൂചനകള്‍ എന്ന തലക്കെട്ടില്‍ റോമിലെ ജസ്യൂട്ട് ജനറല്‍ കുരിയയിലെ ഫാ. എം.കെ ജോര്‍ജ് എഴുതിയ ലേഖനത്തില്‍ ബിജെപിയോട് ആഭിമുഖ്യം പുലര്‍ത്തുന്നതിനെതിരേ മുന്നറിയിപ്പും നല്‍കുന്നു.
മോഡിയും ഹിന്ദു മേധാവിത്വ ബിജെപിയും ഭരണഘടനയുടെ സ്വതന്ത്ര മൂല്യങ്ങളെയും പ്രമാണങ്ങളേയും കാറ്റില്‍ പറത്തിയതായി ലേഖനം കുറ്റപ്പെടുത്തുന്നു. അരികുവല്‍ക്കരിക്കപ്പെട്ട ആദിവാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അവരുടെ മൗലികാവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിന് ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതിനാല്‍ ഒരു നിലപാടെടുക്കാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നു. മുസ്തഫ അക്വോള്‍, സ്വാമിനാഥന്‍ എസ് അങ്കലേസരിയ എന്നിവര്‍ ഇപ്രകാരം പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് (ഒക്ടോബര്‍ 31 നവംബര്‍ 1) ലക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഹിന്ദുമേധാവിത്വ ബിജെപിയും ഇന്ത്യന്‍ ഭരണഘടനയുടെ വിശ്വവിശാലമായ സ്വതന്ത്ര മൂല്യങ്ങളെയും പ്രമാണങ്ങളെയും കാറ്റില്‍ പറത്തിയതായി ലോകം ഇതിനോടകം തന്നെ മനസിലാക്കി കഴിഞ്ഞു. ന്യൂനപക്ഷങ്ങളെ നിരന്തരം ഭീതിയിലാഴ്ത്തിക്കൊണ്ട് ഭൂരിപക്ഷ മതവിഭാഗത്തിന് സവിശേഷമായ അധികാരാവകാശങ്ങള്‍ ഉറപ്പാക്കുന്നതിലാണ് മോഡിയുടെ വിജയം. സൗകര്യപൂര്‍വം നിഷ്പക്ഷത പാലിക്കുന്ന ദിനങ്ങളുടെ കാലം കഴിഞ്ഞു. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ നാം എടുക്കേണ്ടതുണ്ടന്നും സത്യദീപത്തില്‍ പറയുന്നു.
നിരീക്ഷണത്തിനു വിധേയമാക്കിയും പിളര്‍പ്പുണ്ടാക്കിയും നിലപാടുകളെടുക്കാന്‍ രാഷ്ട്രീയ മേലധികാരികള്‍ നമ്മെ നിര്‍ബന്ധിക്കുമ്പോള്‍ നമ്മുടെ ശുശ്രൂഷകള്‍ പരിശോധനയ്ക്കു വിധേയമാക്കപ്പെടുമെന്നും നാം പീഡിപ്പിക്കപ്പെടുമെന്നും പ്രതീക്ഷിക്കണം. മോഡി സര്‍ക്കാരുമായി വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ധീരത കാണിക്കുന്ന ഇന്ത്യയിലെ ഏതൊരാളും കള്ളക്കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍ പോകാനുള്ള അപകടസാധ്യത തിരിച്ചറിയേണ്ടതുണ്ട്.
രാജസ്ഥാന്‍ ഹൈക്കോടതി, സ്‌കൂളുകള്‍ ഫീസ് പിരിക്കുന്നത് തടഞ്ഞ മാര്‍ഗം തന്നെ നോക്കുക. നമ്മുടെ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതിലും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഗ്രാന്റ് എന്നിവ നേടിയെടുക്കുന്നതിലും ഇപ്പോള്‍ത്തന്നെ നിരവധി തടസങ്ങള്‍ നേരിടുന്നുണ്ട്. നമ്മുടെ തന്നെ വിശ്വസ്തരായ ദീര്‍ഘകാല സഹകാരികള്‍ പോലും നമ്മെ ഒറ്റുകൊടുക്കാനിടയുണ്ട്.നമ്മുടെ ജീവകാരുണ്യ പ്രവര്‍ത്തന വേദികള്‍ പ്രത്യേകിച്ച്, സ്ഥാപനങ്ങള്‍ ഓരോന്നായി സാവധാനത്തിലും പടിപടിയായും അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്നു.
നിര്‍ണായകമായ ഒരു ചോദ്യം ഇതാണ്: നിക്ഷിപ്ത താത്പര്യങ്ങളുള്ള ഒരു സര്‍ക്കാര്‍ നമ്മുടെ ശുശ്രൂഷകളുടെ നിയന്ത്രണം വരെ ഏറ്റെടുക്കുന്ന വിധം നടത്തുന്ന നീക്കങ്ങളെക്കുറിച്ച് നാം എത്രമാത്രം അറിവുള്ളവരാണ്? ഭരണകക്ഷിയിലെ പല നേതാക്കള്‍ക്കും വിദ്യാഭ്യാസം നല്‍കിയത് നമ്മുടെ സ്ഥാപനങ്ങളാണ്. ഹൃദ്യമായ സുഹൃത്ബന്ധമാണ് അവര്‍ നമ്മോട് വച്ചു പുലര്‍ത്തുന്നതെങ്കിലും നമ്മുടെ ഉദ്യമങ്ങളെയെല്ലാം തകര്‍ക്കുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തുന്നതിലും നയപരിപാടികള്‍ നടപ്പാക്കുന്നതിലും അവര്‍ക്ക് യാതൊരു മനസാക്ഷിക്കുത്തുമില്ലെന്നും ലേഖനത്തില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.