ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ മുഴുകാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയിലെ കാലബുറഗി മണ്ഡലത്തില്‍ ഖാര്‍ഗെക്ക് പകരം മരുമകന്‍ രാധാകൃഷ്ണ ഡൊഡ്ഡമണി മത്സരിക്കും. ഈ നിര്‍ദേശം മല്ലുകാര്‍ജുന്‍ ഖാര്‍ഗെ തന്നെ മുമ്പോട്ടു വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും കോണ്‍ഗ്രസിനും ഉറച്ച വേരുകളുള്ള മണ്ഡലമാണ് കാലബുറഗി. ഇവിടെ നിന്ന് ഖാര്‍ഗെ രണ്ടുവണ തുടര്‍ച്ചയായി ജയിച്ചിട്ടുണ്ട്. 1998ലും 2019ലും മാത്രമാണ് ഈ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചിട്ടുള്ളത്. 2019 ഖാര്‍ഗെക്ക് ഈ മണ്ഡലത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ബിജെപിയുടെ ഉമേഷ് ജി. ജാദവിനോടാണ് അദേഹം പരാജയപ്പെട്ടത്. ഖാര്‍ഗെയുടെ ആദ്യത്തെ പരാജയമെന്ന നിലയില്‍ ഇത് വലിയ വാര്‍ത്തയായിരുന്നു.
1996 ജനതാദള്‍ സ്ഥാനാര്‍ത്ഥി ജയിച്ചതൊഴിച്ചാല്‍ ബാക്കിയെല്ലാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ പിന്തുണച്ച മണ്ഡലമാണ് കാലബുറഗി. നിലവിലെ സംസ്ഥാന രാഷ്ട്രീയ സാഹചര്യത്തില്‍ മണ്ഡലം തിരികെ പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കാലബുറഗി മണ്ഡലത്തോട് അടുത്ത ബന്ധം ഖാര്‍ഗെക്കുണ്ട്. 1972 മുതല്‍ 2008 വരെ നിയമസഭയില്‍ ഖാര്‍ഗെ പ്രതിനിധാനം ചെയ്തത് ഈ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ഗുര്‍മിത്കല്‍ മണ്ഡലത്തെയാണ്.
ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ കര്‍ണാടക മന്ത്രിസഭയിലുണ്ട്. ഗ്രാമീണ വികസനം, ഐടി എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നു. കാലബുറഗി ലോക്‌സഭാ മണ്ഡലത്തിലെ ചിത്താപുര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് ഇദേഹം മത്സരിച്ച് ജയിച്ചത്. ഇദേഹം ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താല്‍പ്പര്യം കാണിച്ചിട്ടില്ല. ഇതോടെയാണ് ഖാര്‍ഗെയുടെ മരുമകന് നറുക്ക് വീണത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.