ചണ്ഡീഗഢ്: ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര എംപിയുമായ നായബ് സിങ് സൈനി ഹരിയാനയില്‍ മുഖ്യമന്ത്രിയാകും. മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ബിജെപി പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചിനാണ് സത്യപ്രതിജ്ഞ.
ഏഴ് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെയാണ് ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നത്. 90 അംഗ ഹരിയാന നിയമസഭയില്‍ 46 എംഎല്‍എമാരാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. മനോഹര്‍ ലാല്‍ ഖട്ടര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്ന് രാവിലെയാണ് ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി-ജെജെപി സഖ്യ മന്ത്രിസഭ രാജിവച്ചത്. ഗവര്‍ണര്‍ ബന്ദാരു ദത്താരേയയെ നേരിട്ട് കണ്ട ഖട്ടര്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. ബിജെപിയും ജെജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു മന്ത്രിസഭയുടെ അപ്രതീക്ഷിത രാജി. ലോക്‌സഭ തിരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ടാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ഭിന്നത രൂക്ഷമായതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകളും ബിജെപിയാണ് നേടിയത്. ഇത്തവണ ഒരു സീറ്റ് പോലും ജെജെപിക്ക് നല്‍കില്ലെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചത്. എന്നാല്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യമാണ് ജെജെപി മുന്നോട്ടു വച്ചത്.
സിറ്റിങ് സീറ്റുകള്‍ വിട്ടുതരില്ലെന്ന് ബിജെപി വ്യക്തമാക്കിയതോടെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെജെപി പ്രഖ്യാപിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.