ജയപ്രകാശ് ഹെഗ്‌ഡെ ബിജെപി വിടുന്നു; വീണ്ടും കോണ്‍ഗ്രസിലേക്ക്: ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായേക്കും

ജയപ്രകാശ് ഹെഗ്‌ഡെ ബിജെപി വിടുന്നു; വീണ്ടും കോണ്‍ഗ്രസിലേക്ക്: ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായേക്കും

മംഗളൂരു: മുന്‍ മന്ത്രിയും മുന്‍ എംപിയുമായ ജയപ്രകാശ് ഹെഗ്‌ഡെ ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസിലേക്ക്. ഇന്ന് വൈകുന്നേരം ബംഗളൂരുവില്‍ ചേരുന്ന ചടങ്ങില്‍ അദേഹം കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് അറിയുന്നത്.

വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന നേതാവാണ് അഭിഭാഷകനായ ഹെഗ്‌ഡെ. ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവര്‍ മണ്ഡലത്തില്‍ നിന്ന് 1994 ല്‍ ജനതാദള്‍ സ്ഥാനാര്‍ഥിയായും 1999 ലും 2004 ലും സ്വതന്ത്രനായും മത്സരിച്ച് നിയമസഭയില്‍ എത്തിയിരുന്നു. തുറമുഖ-ഫിഷറീസ് മന്ത്രിയായി പ്രവര്‍ത്തിച്ചു.

അവിഭക്ത ദക്ഷിണ കനറ ജില്ല വിഭജിച്ച് ഉഡുപ്പി, ദക്ഷിണ കന്നട രൂപവല്‍കരണ ദൗത്യത്തിന് നേതൃത്വം നല്‍കിയ ജെ.പി ഹെഗ്‌ഡെക്ക് ഉഡുപ്പി ജില്ല സ്ഥാപകന്‍ എന്ന ഖ്യാതിയുമുണ്ട്. 1997 ല്‍ ജില്ല വിഭജനത്തിന് പിന്നാലെ ബ്രഹ്മാവര്‍ മണ്ഡലവും ഭേദിക്കപ്പെട്ടിരുന്നു. ഇതോടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഹെഗ്‌ഡെ 2012 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉഡുപ്പി -ചിക്കമംഗളൂരു മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ലോക്‌സഭയിലെത്തിയിരുന്നു.

ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റെ നിലപാടുകളുമായി പൊരുത്തപ്പെടാതെ സ്വതന്ത്ര സമീപനം സ്വീകരിച്ച ഹെഗ്‌ഡെയെ 2015 ഡിസംബര്‍ 14 ന് അച്ചടക്ക ലംഘനം ആരോപിച്ച് കോണ്‍ഗ്രസില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സര്‍ക്കാര്‍ പിന്നാക്ക വിഭാഗ കമീഷന്‍ ചെയര്‍മാന്‍ സ്ഥാനം അദേഹത്തിന് നല്‍കി.

ആസന്നമായ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 72 കാരനായ ഹെഗ്‌ഡെ ഉഡുപ്പി -ചിക്കമംഗളൂരു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവും എന്നാണ് സൂചന. 2014 ല്‍ ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഹെഗ്‌ഡെ ബിജെപിയുടെ ശോഭ കാറന്ത്‌ലാജെയോട് പരാജയപ്പെട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.